'മാര്‍ക്കോ' ചിത്രത്തില്‍ നിന്നും തന്റെ സീനുകള്‍ ഒഴിവാക്കിയതില്‍ വിഷമമുണ്ടെന്ന് തുറന്നു പറഞ്ഞ് നടന്‍ റിയാസ് ഖാന്‍. ഉണ്ണി മുകുന്ദനെ നായകനായി ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാര്‍ക്കോ 100 കോടിക്ക് മേല്‍ കളക്ഷനുമായി ബോക്സോഫീസില്‍ കുതിക്കുകയാണ്. ഹിന്ദി, തെലുങ്ക്, തമിഴ് അടക്കമുള്ള ഭാഷയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇതിനിടെയാണ് സിനിമയിലെ തന്റെ രംഗങ്ങള്‍ കട്ട് ചെയ്ത് കളഞ്ഞതിലുള്ള വിഷമം റിയാസ് ഖാന്‍ തുറന്നു പറഞ്ഞത്. ''സീനുകള്‍ ഒഴിവാക്കിയതില്‍ വിഷമമുണ്ട്. എന്നാല്‍ മനപ്പൂര്‍വം ചെയ്തതല്ല. മാര്‍ക്കോ ഷൂട്ടിംഗ് സമയത്ത് ഉണ്ണിയും ഞാനും അടിച്ച് കേറി വാ എന്ന് റീലുണ്ടാക്കി. അതിന് ഭയങ്കര റീച്ചായി. മാര്‍ക്കോയില്‍ ചില സീനുകകളുണ്ടായിരുന്നു.'
എന്നെ ഹനീഫ വിളിച്ചു. ഇക്ക, മനപ്പൂര്‍വമല്ലെന്ന് പറഞ്ഞു. സംവിധായകന്റെ കോളാണത്. അത് ബഹുമാനിക്കുന്നെന്ന് ഞാന്‍ പറഞ്ഞു. ഒരു ആക്ടറെന്ന നിലയില്‍ എനിക്ക് വളരെ വിഷമമുണ്ടെന്നും പറഞ്ഞു. പുതിയ നടനാണെങ്കിലും പേരെടുത്ത നടനാണെങ്കിലും സൂപ്പര്‍താരമാണെങ്കിലും നമ്മളെ സില്‍വര്‍ സ്‌ക്രീനില്‍ കാണാനാണ് ആഗ്രഹിക്കുക.''
''ഭയങ്കര ഹിറ്റായ പടത്തില്‍ നിന്നും സീനുകള്‍ മാറ്റുമ്പോഴുള്ള വിഷമമവും ഉണ്ട്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന പടത്തില്‍ ഞാനുണ്ട് പക്ഷെ ഇല്ല. ആരും മനപ്പൂര്‍വം ചെയ്തതല്ല. ഉണ്ണിക്കും ഇഷ്ടമായിരുന്നു. ഉണ്ണിയാണ് എന്നെ അഭിനയിക്കാന്‍ വിളിച്ചത്. ഞങ്ങള്‍ രണ്ട് പേരും കട്ടയ്ക്ക് കട്ട നില്‍ക്കുന്ന ഫൈറ്റായിരുന്നു സിനിമയില്‍'' എന്നാണ് റിയാസ് ഖാന്‍ പറയുന്നത്.