സൗത്ത്‌പോര്‍ട്ടില്‍ നടന്ന കത്തിക്കുത്ത് കൊലപാതകങ്ങള്‍ ബ്രിട്ടനില്‍ വലിയ കലാപങ്ങള്‍ക്കാണ് തിരികൊളുത്തിയത്. കലാപങ്ങള്‍ കെട്ടടങ്ങുകയും, പലരും ജയിലിലാകുകയും ചെയ്തു. എന്നാല്‍ ഈ ഘട്ടത്തിലും ഒന്നും അറിയാത്ത മൂന്ന് കുട്ടികളുടെ ജീവനെടുത്തതിന് ഉത്തരവാദികള്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല.
ഇപ്പോള്‍ ട്രിപ്പിള്‍ കൊലപാതകം നടത്തിയ 18-കാരന്‍ ആക്‌സല്‍ റുഡാകുബാന കൊലപാതക കുറ്റങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൊലപാതകങ്ങളെ കുറിച്ച് ഗവണ്‍മെന്റ് പൊതു അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്‍പതുകാരി ആലിസ് ഡാ സില്‍വ അഗ്വിയര്‍, ആറ് വയസ്സുകാരി ബെബെ കിംഗ്, ഏഴ് വയസ്സുള്ള എല്‍സി ഡോട്ട് സ്റ്റാന്‍കോംബെ എന്നിവരാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മേഴ്‌സിസൈഡിലെ സൗത്ത്‌പോര്‍ട്ടില്‍ കൊലക്കത്തിക്ക് ഇരയായത്.
പ്രതി കുറ്റങ്ങള്‍ സമ്മതിച്ച സാഹചര്യത്തില്‍ സൗത്ത്‌പോര്‍ട്ടിലെ ജനങ്ങളും, കുടുംബങ്ങളും ഉത്തരങ്ങള്‍ തേടുമെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ന് പ്രസ്താവന നടത്തും. കൊലയാളി റുഡാകുബാനയെ അതിക്രമങ്ങള്‍ക്ക് മുന്‍പ് മൂന്ന് തവണ ഗവണ്‍മെന്റിന്റെ തീവ്രവാദ വിരുദ്ധ സ്‌കീമായ പ്രിവന്റിന് റഫര്‍ ചെയ്തിരുന്നുവെന്ന വസ്തുതയാണ് ഞെട്ടലാകുന്നത്.
2019 ഡിസംബര്‍ മുതല്‍ 2021 ഏപ്രില്‍ വരെയുള്ള 17 മാസങ്ങളില്‍ മൂന്ന് തവണയാണ് ഇയാളെ പ്രിവന്റില്‍ റഫര്‍ ചെയ്തതെന്ന് കൂപ്പര്‍ വ്യക്തമാക്കി. റുഡാകുബാനയ്ക്ക് വെറും 13, 14 വയസ്സ് മാത്രമായിരുന്നു ആ സമയത്ത് പ്രായം. കൂടാതെ പോലീസ്, കോടതികള്‍, യൂത്ത് ജസ്റ്റിസ് സിസ്റ്റം, സോഷ്യല്‍ സര്‍വ്വീസ്, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസ് എന്നിവരുമായും ഇയാള്‍ ബന്ധത്തിലുണ്ടായിരുന്നു. ഇത്രയേറെ ഏജന്‍സികളുമായി ബന്ധപ്പെട്ടിട്ടും ഇയാള്‍ അപകടകമായി മാറുമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതാണ് ഇവയുടെ ആവശ്യകത തന്നെ ചോദ്യചിഹ്നമാക്കി മാറ്റുന്നത്.