മഹാരാഷ്ട്രയിലെ ജാല്‍ഗാവില്‍ ട്രെയിനിടിച്ച് യാത്രക്കാര്‍ മരിച്ച സംഭവത്തിന് പിന്നില്‍ ചായ വില്‍പ്പനക്കാരന്‍ പ്രചരിപ്പിച്ച കിംവദന്തിയാണ് കാരണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ട്രെയിനിന് തീ പിടിച്ചെന്ന് പുഷ്പക് എക്സ്പ്രസിലെ ചായ വില്‍പനക്കാരന്‍ വിളിച്ചു പറഞ്ഞ കിംവദന്തി വിശ്വസിച്ച ചില യാത്രക്കാര്‍ പരിഭ്രാന്തരാകുകയും പുറത്തേക്ക് ചാടുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലെ യാത്രക്കാരാണ് ട്രെയിനിന് തീപിടിച്ചെന്ന് കരുതി പുറത്തേക്ക് ചാടിയത്.
എന്നാല്‍ തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കര്‍ണാടക എക്സ്പ്രസ് ഇവരെ ഇടിച്ചു തെറിപ്പിച്ചു. 12 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ചായവില്‍പ്പനക്കാരന്‍ പറഞ്ഞ വ്യാജവിവരം ശ്രാവസ്തിയില്‍ നിന്നുള്ള രണ്ട് യാത്രക്കാര്‍ മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പരിഭ്രാന്തിയുണ്ടായത്. ഭയപ്പെട്ട ചില യാത്രക്കാര്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് ചാടിയെന്നും മന്ത്രി പറഞ്ഞു. മരിച്ച 12 പേരില്‍ 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിംവദന്തി പ്രചരിപ്പിച്ച രണ്ട് യാത്രക്കാരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.