ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തില്‍ ഭരണസമിതി മുന്‍പാകെ തന്റെ വീഴ്ചകള്‍ ഏറ്റുപറഞ്ഞത് യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ്. തിങ്കളാഴ്ച ആരംഭിച്ച ജനറല്‍ സിനഡില്‍ പരമ്പരാഗത അഭിസംബോധന തടയാനുള്ള പുരോഹിതന്‍മാരുടെ ശ്രമത്തെ വോട്ടിനിട്ട് അതിജീവിച്ച ശേഷമാണ് ആര്‍ച്ച്ബിഷപ്പ് സ്റ്റീഫന്‍ കോട്രെല്‍ തെറ്റുകള്‍ സമ്മതിച്ചത്.
ആര്‍ച്ച്ബിഷപ്പ് കോട്രെലിന്റെ പദവി നിലനില്‍ക്കുന്നതല്ലെന്ന പ്രമേയത്തില്‍ കാല്‍ശതമാനം സിനഡ് അംഗങ്ങളും അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ വിസമ്മതിച്ചു. വോട്ടിംഗില്‍ രക്ഷപ്പെട്ട ആര്‍ച്ച്ബിഷപ്പ് ചര്‍ച്ച് വലിയ തോതില്‍ പരാജയപ്പെട്ടതായി അധ്യക്ഷ പ്രസംഗത്തില്‍ സമ്മതിച്ചു. വിശ്വാസം തകരുകയും, ആത്മവിശ്വാസത്തില്‍ ക്ഷതമേല്‍ക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ ഘട്ടത്തിലും പദവി ഒഴിയാന്‍ തയ്യാറല്ലെന്ന് ആര്‍ച്ച്ബിഷപ്പ് വ്യക്തമാക്കി. രാജ്യത്തിനും, ലോകത്തിനുമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെ നയിക്കാനും, സേവനം നല്‍കാനും സ്വയം അര്‍പ്പിക്കുകയാണെന്ന് കോട്രെല്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ പകരക്കാരനായാണ് കോട്രെല്‍ സിനഡിനെ അഭിസംബോധന ചെയ്തത്. ചര്‍ച്ചിലെ ഏറ്റവും മോശം കുട്ടിപ്പീഡന ആരോപണങ്ങള്‍ പുറത്തുവന്നതോടെയാണ് ജസ്റ്റിന്‍ വെല്‍ബിക്ക് രാജിവെയ്‌ക്കേണ്ടി വന്നത്.
ഡോ. വെല്‍ബിക്ക് താല്‍ക്കാലിക പകരക്കാരനായാണ് യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ് സ്ഥാനമേറ്റത്. എന്നാല്‍ സ്വയം ലൈംഗിക ആരോപണങ്ങള്‍ കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് വ്യക്തമായതോടെ സ്ഥാനമൊഴിയാന്‍ സമ്മര്‍ദം നേരിടുകയാണ്. മുന്‍ ലിവര്‍പൂള്‍ ബിഷപ്പ് ജോണ്‍ പെരുമ്പളത്തിനെതിരായ ആരോപണങ്ങളെ കുറിച്ചും കോട്രെലിന് അറിവുണ്ടായതായി വ്യക്തമായതോടെ സമ്മര്‍ദം കടുക്കുകയാണ്. 2023-ല്‍ ലിവര്‍പൂള്‍ ബിഷപ്പായി ജോണ്‍ പെരുമ്പളത്തിനെ അവരോധിക്കുന്നതിന് മുന്‍പ് തന്നെ യോര്‍ക്ക് ആര്‍ച്ച്ബിഷപ്പിന് ഇതേക്കുറിച്ച് അറിഞ്ഞിരുന്നതായാണ് വ്യക്തമാകുന്നത്. ലൈംഗിക ആരോപണങ്ങളുടെ പേരില്‍ കഴിഞ്ഞ മാസം പെരുമ്പളത്ത് സ്ഥാനം ഒഴിഞ്ഞിരുന്നു.