ശനിയാഴ്ച്ച് ഉച്ചയ്ക്ക് മുമ്പ് ബന്ദികളെ കൈമാറിയില്ലെങ്കില്‍ ഗാസയില്‍ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെതിരെ 'നരകത്തിന്റെ കവാടങ്ങള്‍' തുറക്കുമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. മന്ത്രിസഭ യോഗശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, എത്ര ബന്ദികളെ മോചിപ്പിക്കണമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിന്റെ നടപടി. എന്തിനും തയാറായി നില്‍ക്കാന്‍ സൈന്യത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ, ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ അന്തിമ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഇതിനായി ശനിയാഴ്ച്ചവരെ സമയം നല്‍കുന്നുവെന്നും അദേഹം പറഞ്ഞു. ഇത് അനുസരിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങും. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 'ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം, പക്ഷേ എന്റെ കാര്യത്തില്‍, ശനിയാഴ്ച രാത്രി 12 മണിക്ക് അവര്‍ ഇവിടെ ഇല്ലെങ്കില്‍, വീണ്ടും നരകം സൃഷ്ടിക്കും ട്രംപ് ഭീഷണി മുഴക്കി. ഇനി 'എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും ട്രംപ് പറഞ്ഞു.