താന്‍ ഒരു അവിഹിതബന്ധത്തിലാണെന്ന് ഭാര്യയുടെ മുഖത്ത് നോക്കി പറയുന്ന ഒരു ഭര്‍ത്താവ്. കാമുകിയ്‌ക്കൊപ്പം ജീവിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രഖ്യാപിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോക്ക് കൂടി നടത്തിയാല്‍ ഭാര്യയുടെ സ്ഥിതി എന്താകും. മക്കളെ കൊന്ന് മരിച്ച് കളയാമെന്നാണ് 39-കാരിയായ നഴ്‌സ് തീരുമാനിച്ചത്. എന്നാല്‍ മക്കളും, അമ്മയും ആത്മഹത്യാ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതോടെ 16 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നഴ്‌സിന് കോടതി വിധിച്ചിരിക്കുന്നത്.
ഈസ്റ്റ് സസെക്‌സ് ഉക്ക്ഫീല്‍ഡിലെ വീട്ടില്‍ വെച്ചാണ് മക്കളെ കൊല്ലാനും, ആത്മഹത്യ ചെയ്യാനും നഴ്‌സ് ശ്രമിച്ചത്. കാമുകിയ്‌ക്കൊപ്പം ജീവിക്കാനായി ഭര്‍ത്താവ് വീടുവിട്ടതോടെയാണ് ഇവര്‍ക്ക് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തേണ്ടിവന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വീട്ടില്‍ മരുന്നുകള്‍ ശേഖരിച്ച് വെച്ച ശേഷം നഴ്‌സ് മക്കളെ കൊല്ലാന്‍ ശ്രമിച്ചത്.
ബെഡില്‍ മക്കളെ കിടത്തിയ ഇവര്‍ കുട്ടികളെ കൊണ്ട് അതിശക്തമായ ടാബ്ലെറ്റുകള്‍ കഴിപ്പിച്ചു. ശക്തമായ പെയിന്‍കില്ലറുകളും, ആന്റി ഡിപ്രസന്റുകളും, ഉറക്കഗുളികകളും ഇതോടൊപ്പം നല്‍കി. നഴ്‌സായി ജോലി ചെയ്തിരുന്ന സ്ത്രീ തന്റെ സഹോദരന് അവസാനമായി ശബ്ദസന്ദേശം അയച്ചതാണ് രക്ഷയായത്. ഇയാള്‍ പോലീസിന് വിവരം നല്‍കി.
പോലീസും, പാരാമെഡിക്കുകളും, ഫയര്‍ സര്‍വ്വീസും സ്ഥലത്ത് എത്തുമ്പോള്‍ 10 വയസ്സുള്ള ആണ്‍കുട്ടി ബെഡില്‍ ശര്‍ദ്ദിച്ച് അവശനായ നിലയിലായിരുന്നു. ആദ്യം ഈ കുട്ടി മരിച്ചെന്നാണ് കരുതിയത്. 13 വയസ്സുള്ള സഹോദരി അബോധാവസ്ഥയില്‍ മുറിയില്‍ അലയുന്നുണ്ടായിരുന്നു. അമ്മയെ ബോധനിലയിലാണ് കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയതോടെ ജീവന്‍ രക്ഷപ്പെടുത്തുകയായിരുന്നു.
രണ്ട് വധശ്രമക്കേസുകള്‍ ചുമത്തിയ അമ്മയ്ക്ക് കോടതി 16 വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്. എപ്പോഴും പെര്‍ഫെക്ട് കുടുംബത്തിനായി ശ്രമിച്ചിരുന്ന ആളാണ് അമ്മയെന്ന് ജഡ്ജ് വിധി പ്രസ്താവിക്കവെ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ ചതി ഇവരെ തകര്‍ക്കുകയും, ഇതിന് പകരം വീട്ടാനായി മക്കളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്നും ജഡ്ജ് വിധിയില്‍ പറഞ്ഞു.