റഷ്യ-ഉക്രെയിന്‍ യുദ്ധത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടിവന്നാല്‍ ബ്രിട്ടീഷ് സൈന്യത്തെ ഇറക്കുമെന്ന പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നീക്കത്തിന് മറുപടിയായി റഷ്യന്‍ ഭീഷണി. ബ്രിട്ടീഷ് സൈന്യം സമാധാനം നേടാനായി ഉക്രെയിന്‍ മണ്ണിലെത്തിയാല്‍ വ്‌ളാദിമര്‍ പുടിന്റെ മിസൈലുകള്‍ക്ക് ഇരയാകേണ്ടി വരുമെന്നാണ് റഷ്യന്‍ എംപി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഉക്രെയിനില്‍ സമാധാനം സ്ഥാപിക്കാന്‍ തങ്ങള്‍ തയ്യാറാക്കിയ പദ്ധതികള്‍ സംബന്ധിച്ച് കീര്‍ സ്റ്റാര്‍മറും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുകള്‍ അവലോകനം നടത്തുന്നതിനിടെയാണ് ഈ ഭീഷണി. സമാധാനശ്രമങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് സൈന്യത്തെ ഉക്രെയിന്‍ മണ്ണില്‍ ഇറക്കുമെന്ന് സ്റ്റാര്‍മര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ബ്രിട്ടീഷ് സൈന്യം ഇറങ്ങുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും, മിസൈലുകളുടെ ലക്ഷ്യമായി ഇവര്‍ മാറുമെന്നും പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടി എംപി എവ്ജിനി പോപ്പാവ് പറഞ്ഞു. ശവപ്പെട്ടികളിലാകും അവരെ മടക്കി അയയ്ക്കുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാന നടപടികളുടെ ഭാഗമായി ബ്രിട്ടീഷ് ഫ്രഞ്ച് സൈനികരെ നിയോഗിക്കാനുള്ള ചര്‍ച്ചകള്‍ പ്രധാനമന്ത്രിയും, പ്രസിഡന്റ് മാക്രോണും നടത്തുകയാണ്. സമാധാന കരാറിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഈ കരാര്‍ പുടിനെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത് കൊണ്ടുപിടിച്ച് നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.