Breaking Now

പിബി അംഗങ്ങളുടെ പേരില്‍ കോടികളുടെ നിക്ഷേപം- സിപിഎം വെട്ടില്‍

പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സിപിഎമ്മിനെതിരേ പുതിയ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ നിരുപം സെന്നിന്റെയും ബിമന്‍ ബോസിന്റെയും പേരിലുള്ള സംയുക്ത ബാങ്ക് അക്കൗണ്ടില്‍ 16 കോടി രൂപ നിക്ഷേപമുണ്ടെന്നാണ് ആരോപണം. ആരോപണത്തെത്തുടര്‍ന്ന് കേന്ദ്ര കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.  

കൊല്‍ക്കത്തയില്‍ ബംഗാള്‍ സിപിഎം ആസ്ഥാനത്തിനു സമീപമുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണ് പാര്‍ട്ടി സെക്രട്ടറിയും ഇടതുമുന്നണി ചെയര്‍മാനുമായ ബിമന്‍ ബോസിന്റെയും മുന്‍ വ്യവസായമന്ത്രി നിരുപം സെന്നിന്റെയും പേരിലുള്ള അക്കൗണ്ട്. ബാങ്ക് അക്കൗണ്ടിന് അനിവാര്യമായ പാന്‍ കാര്‍ഡ് പോലുമില്ലാതെയാണ് ബിമന്‍ ബോസിന്റെ പേരില്‍ ഇത്രയും തുകയുള്ളത്.

അക്കൗണ്ട് ആരോപണം ഉയര്‍ന്നു വന്നതിനെത്തുടര്‍ന്ന് സിപിഎം കേന്ദ്ര നേതൃത്വം പ്രതിരോധത്തിലായി. പാര്‍ട്ടിയുട അറിവോ സമ്മതോ ഇല്ലാതെയാണ് ഇത്രയും തുക നിക്ഷേപിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.പാര്‍ട്ടി ഒരിക്കലും വ്യക്തികളുടെ പേരീല്‍ നിക്ഷേപം നടത്താറില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറിയുടെ പേരിലല്ല, പാര്‍ട്ടിയുടെ കേന്ദ്രത്തിലുള്ള നിക്ഷേപമെന്നും നേതൃത്വം വ്യക്തമാക്കി. 

തൃണമൂല്‍ കോണ്‍ഗ്രസിന്റെ തൊഴിലാളി യൂണിയന്‍ നേതാവ് ദോല സെന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം

നിരുപം സെന്‍ 2011ല്‍ നിയമസഭയിലേക്കു മല്‍സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തന്റെ പേരിലെ കറന്റ് അക്കൗണ്ടില്‍ കോടികളുണ്ടെന്ന കാര്യം വെളിപ്പെടുത്തിയില്ല. ആകെ 36 ലക്ഷം രൂപയുടെ കണക്കു മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അക്കൗണ്ട് വ്യക്തികളുടെ പേരിലായതിനാല്‍ പാര്‍ട്ടിയുടെ പണമാണെന്ന ന്യായം വിലപ്പോകില്ലാത്തതിനാല്‍ സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞുവെന്നതും പ്രശ്‌നമാകും.

പാര്‍ട്ടി പിരിക്കുന്ന ലെവിയാണ് ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാറുള്ളതെന്നും പിബി അംഗമായിരുന്ന ശൈലേന്‍ ദാസ്ഗുപ്തയുടെയും തന്റെയും പേരിലായിരുന്നു ആദ്യം അക്കൗണ്ടെന്നുമാണ് ബിമന്‍ ബോസിന്റെ വാദം. എന്നാല്‍ ഇത്രയും തുക അക്കൗണ്ടില്‍ വന്നതെങ്ങനെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചോദിക്കുന്നു. 

സിപിഎം സര്‍ക്കാരിന്റെ ഭരണകാലത്ത് വ്യാജ റേഷന്‍കാര്‍ഡുകള്‍ സംഘടിപ്പിച്ച് റേഷന്‍ തുക മറിച്ചു വിറ്റുണ്ടാക്കിയ പണമാണിതെന്ന് തൃണമൂല്‍ ആരോപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.