കൊല്ലപ്പെട്ടവരുടെ ഫയലുകള്‍ വായിച്ച് സുഖം കണ്ടെത്തുന്നത് ഒരു തരം മാനസിക രോഗമായി മാത്രമേ നമുക്ക് കാണാന്‍ കഴിയൂ. എന്നാല്‍ അത്തരം മാനസിക രോഗികള്‍ എന്‍എച്ച്എസിലും ജോലി ചെയ്യുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. നോട്ടിംഗ്ഹാമില്‍ നടന്ന ട്രിപ്പിള്‍ കൊലപാതകങ്ങളില്‍ മരിച്ച ഇരകളുടെ മെഡിക്കല്‍ രേഖകളാണ് എന്‍എച്ച്എസ് ജീവനക്കാര്‍ അനാവശ്യമായി പരിശോധിച്ചത്.
കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേരുടെ എ&ഇ ഫയലുകളാണ് 91 ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ പരിശോധിച്ചത്. ഇത് ന്യായീകരണമില്ലാത്ത തൃപ്തി കണ്ടെത്തലാണെന്ന് ഇപ്പോള്‍ ഇരകളുടെ കുടുംബം ആരോപിക്കുന്നു. നേരത്തെ പല ഗവണ്‍മെന്റ് വകുപ്പുകളിലും പെട്ടവര്‍ ഫയലുകള്‍ പരിശോധിച്ച് പിടിക്കപ്പെട്ടിരുന്നു. പോലീസ് ഓഫീസര്‍മാര്‍, പ്രിസണ്‍, കോടതി ജീവനക്കാര്‍, കൗണ്‍സില്‍, മെന്റല്‍ ഹെല്‍ത്ത് ജീവനക്കാര്‍ എന്നിവരാണ് നേരത്തെ അനധികൃതമായി ഫയല്‍ പരിശോധിച്ചതിന് പിടിക്കപ്പെട്ടത്.
19-കാരിയായ ഇന്ത്യന്‍ വംശജ ഗ്രേസ് ഒ'മാലി കുമാര്‍, സഹവിദ്യാര്‍ത്ഥി ബാര്‍ണാബേ വെബ്ബര്‍ എന്നിവര്‍ക്ക് പുറമെ സ്‌കൂള്‍ കെയര്‍ ടേക്കര്‍ ഇയാന്‍ കോട്‌സ് എന്നിവരാണ് 2023 ജൂണ്‍ 13ന് രാത്രിയും, പുലര്‍ച്ചെയുമായി കൊല്ലപ്പെട്ടത്. 31-കാരന്‍ വാള്‍ഡോ കാലോകെയിനാണ് കൊല നടത്തിയത്. പാരാനോയ്ഡ് ഷീസോഫ്രെനിക്കായ കൊലയാളിക്ക് അനിശ്ചിതകാല ആശുപത്രി വാസമാണ് കോടതി വിധിച്ചത്.
ഇരകളുടെ ഫയലുകള്‍ ജീവനക്കാര്‍ അനാവശ്യമായി പരിശോധിച്ച സംഭവത്തില്‍ ഇവരെ പരിശോധിച്ച ആശുപത്രി ക്യൂന്‍സ് മെഡിക്കല്‍ സെന്റര്‍ നടത്തുന്ന നോട്ടിംഗ്ഹാം ട്രസ്റ്റ് മാപ്പ് പറഞ്ഞു. എ&ഇ രേഖകള്‍ ജീവനക്കാര്‍ അനാവശ്യമായി പരിശോധിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഇവര്‍ പറഞ്ഞു. 91 പേരാണ് ആരോപണം നേരിടുന്നതെന്ന് ആശുപത്രി ട്രസ്റ്റ് അറിയിച്ചതായി ബര്‍ണാബേയുടെ അമ്മ പറയുന്നു.
വിവരം പോലീസിനെയും അറിയിച്ചിട്ടുണ്ട്. അതേസമയം നേരത്തെ പോലീസ് ജീവനക്കാര്‍ വിവരങ്ങള്‍ പരിശോധിക്കുകയും, ചിത്രങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നോട്ടിംഗ്ഹാം പോലീസ്, നോട്ടിംഗ്ഹാം സിറ്റി കൗണ്‍സില്‍, നോട്ടിംഗ്ഹാം എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത്, അക്യൂട്ട് കെയര്‍ ടീമുകളും അന്വേഷണം നേരിടുന്നുണ്ട്.