കടുത്തവയറുവേദനയുമായി എ&ഇയില്‍ എത്തിയ 56-കാരിക്ക് ആശുപത്രി ഇടനാഴിയില്‍ കഴിയേണ്ടി വന്നത് എട്ട് ദിവസം. തീര്‍ത്തും മനുഷ്യത്വവിരുദ്ധമായ സാഹചര്യങ്ങളിലാണ് മോശം അവസ്ഥയില്‍ എന്‍എച്ച്എസ് തന്നെ പാര്‍പ്പിച്ചതെന്നാണ് മുന്‍ സോളിസിറ്ററായ സാറാ ഡോഡിന്റെ പരാതി.
വോര്‍സ്റ്റര്‍ഷയര്‍ റോയല്‍ ഹോസ്പിറ്റലില്‍ ഒരു ട്രോളിയില്‍ ഫെബ്രുവരി 1 മുതല്‍ 9 വരെയാണ് ഡോഡിന് ചെലവഴിക്കേണ്ടി വന്നത്. 213 മണിക്കൂര്‍ നീണ്ട വാസത്തില്‍ താല്‍ക്കാലിക ബെഡില്‍, അപരിചിതര്‍ക്കൊപ്പമാണ് വഴിയില്‍ കിടന്നത്. ഗോള്‍ബ്ലാഡറില്‍ പ്രശ്‌നങ്ങളുള്ള ഡോഡ് കടുത്ത വയറുവേദനയുമായി ജിപിയെ സന്ദര്‍ശിച്ചപ്പോഴാണ് എ&ഇയില്‍ പോകാനായി ഉപദേശം ലഭിച്ചത്.
ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു ദിവസത്തിനകം ചികിത്സ നല്‍കാമെന്ന് ജീവനക്കാര്‍ ഉറപ്പുനല്‍കി. എന്നാല്‍ പിന്നീടുള്ള എട്ട് ദിവസങ്ങള്‍ വിശപ്പ് സഹിച്ച് ഉറക്കമില്ലാതെ ഭയന്ന് കിടക്കേണ്ട ഗതികേടാണ് ഇവര്‍ക്ക് നേരിട്ടത്. ഈ സമയത്തും കൂടുതല്‍ രോഗികളെ അരികില്‍ തിക്കിനിറച്ച് കൊണ്ടിരുന്നു. നാലാം ദിവസം സ്ഥലപരിമിതി മൂലം ഫുഡ് ട്രേ മാറ്റിയ ശേഷം ഇത് തിരികെ ലഭിച്ചതുമില്ല.
ഒടുവില്‍ എട്ടാം ദിവസമായതോടെ സഹികെട്ട് ബഹളം ഉണ്ടാക്കിയതോടെയാണ് തന്നെ വാര്‍ഡിലേക്ക് മാറ്റിയതെന്ന് ഡോഡ് പറയുന്നു. 2017-ല്‍ ട്രോളിയില്‍ രോഗികളെ മറന്നുവെച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത ആശുപത്രിയാണ് വോര്‍സ്റ്റര്‍ഷയര്‍ റോയല്‍ ഹോസ്പിറ്റല്‍.
56-കാരി സാറാ ഡോഡിന്റെ ദുരവസ്ഥ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്‍എച്ച്എസിന്റെ ദുരവസ്ഥ വെളിവാക്കുന്ന ഞെട്ടിക്കുന്ന സംഭവമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ പ്രതികരണം.