രാജ്യത്തെ ഞെട്ടിച്ച് കൊണ്ടാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനം എത്തിയത്- 'എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുന്നു'! ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധസര്‍ക്കാര്‍ സംഘത്തിന്റെ വെട്ടിനിരത്തലെന്നാണ് മന്ത്രിമാര്‍ തന്നെ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ റദ്ദാക്കി ഈ സ്വതന്ത്ര വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കൂട്ടിച്ചേര്‍ക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഈ കൂട്ടിച്ചേര്‍ക്കല്‍ സമാനമായ ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാരുടെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരുടെയും ജോലിക്ക് ഭീഷണിയാണ്. ഏകദേശം 9000 ജീവനക്കാര്‍ ഇരുവിഭാഗങ്ങളിലുമായി പിരിച്ചുവിടല്‍ ഭീഷണി നേരിടുകയും ചെയ്യുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തരത്തിലാണ് പ്രചരിച്ചത്. ബ്രിട്ടന്റെ എന്‍എച്ച്എസ് ഹെല്‍ത്ത് സര്‍വ്വീസ് അപ്പാടെ അടച്ചുപൂട്ടുന്നുവെന്നാണ് പ്രചരണം നടന്നത്. യഥാര്‍ത്ഥത്തില്‍ ഹോസ്പിറ്റല്‍ ട്രസ്റ്റുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥ സംഘമായ എന്‍എച്ച്എസ് ഇംഗ്ലണ്ടിനാണ് 'വെട്ടുകൊണ്ടിരിക്കുന്നത്'.
ഹെല്‍ത്ത് സര്‍വ്വീസ് സേവനങ്ങളെ തിരികെ ജനാധിപത്യ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍ അവകാശപ്പെടുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടും, എന്‍എച്ച്എസും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ നേരിട്ട പ്രയാസമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആശങ്കയിലേക്ക് വഴിതിരിച്ചുവിടാന്‍ കാരണമായത്.
ഉദ്യോഗസ്ഥ തലത്തില്‍ മാത്രമാണ് അഴിച്ചുപണിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഫ്രണ്ട്‌ലൈന്‍ ജീവനക്കാരായ നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരു വ്യത്യാസവും നേരിടുന്നില്ല. എന്നുമാത്രമല്ല അധിക ഉദ്യോഗസ്ഥ മേലാളന്‍മാരെ കുറയ്ക്കുന്നത് വഴി ലഭിക്കുന്ന ലാഭം ഇവരിലേക്ക് വഴിതിരിച്ചുവിട്ട് രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാമെന്നും ഗവണ്‍മെന്റ് മോഹിക്കുന്നു.