ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കു നേരെയുള്ള അതിക്രമവും വിവേചനവും 2024ല്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2024ല്‍ മാത്രം ആക്രമണം, ബഹിഷ്‌കരണം, പള്ളികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, പ്രാര്‍ഥനാ യോഗങ്ങള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങി 640 സംഭവങ്ങളുണ്ടായതായി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ പറയുന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ആറു ശതമാനം വര്‍ധിച്ചു. ദിവസവും ശരാശരി നാലോ അധികമോ പാസ്റ്റര്‍മാര്‍ അക്രമിക്കപ്പെടുന്നു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തിലാണ് അക്രമങ്ങളെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ 2025ലെ ഗ്ലോബല്‍ പെര്‍സിക്യൂഷന്‍ ഇന്‍ഡെക്സ് കണ്ടെത്തി. മതപരിവര്‍ത്തന നിയമങ്ങള്‍ ഉപയോഗിച്ച് ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ജനസംഖ്യയുടെ 2.3 ശതമാനം മാത്രം വരുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വലിയതോതില്‍ വിവേചനം നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായത്. 188 അക്രമ സംഭവങ്ങളാണ് സ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തൊട്ടുപിന്നാലെ ഛത്തീസ്ഗഡ് (150), രാജസ്ഥാന്‍ (40), പഞ്ചാബ് (38), ഹരിയാന (34) എന്നീ സംസ്ഥാനങ്ങളാണുള്ളത്.