CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 57 Minutes 20 Seconds Ago
Breaking Now

ചര്‍ച്ച പരാജയം; ഇന്ന് മുതല്‍ നിരാഹാര സമരവുമായി ആശാ വര്‍ക്കര്‍മാര്‍, മന്ത്രി വീണ ജോര്‍ജ് ഡല്‍ഹിയിലേക്ക്

പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചര്‍ച്ചയിലുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നിരാഹാര സമരത്തിലേക്ക് കടക്കാനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍. ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ നിരാഹാര സമരം ആരംഭിക്കുന്നത്. നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണില്‍ പൊടിയിടാനുള്ള ഒരു ചര്‍ച്ച മാത്രമായിരുന്നു ഇന്നലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാര്‍ ആരോപിച്ചു. പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചര്‍ച്ചയിലുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ആവശ്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെയാണ് സമരം തുടരുമെന്ന് ആശാ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചത്.

എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടന്നത്. ഇന്ന് നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു ആരോഗ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറായത്. സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. ഇന്നലെ നടത്തിയ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടതോടെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.

അതേസമയം കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങിയിരിക്കുകയാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇന്ന് രാവിലെ വീണ ജോര്‍ജ് ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഡല്‍ഹിയിലേക്ക് പോകും. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക തുക നല്‍കണമെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും.

 




കൂടുതല്‍വാര്‍ത്തകള്‍.