തീപിടുത്തത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധം തകരാറിലായതോടെ അടച്ചിട്ട ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രൂ സര്‍വ്വീസ് പുനരാരംഭിച്ചു. സാധാരണ നിലയില്‍ പ്രവര്‍ത്തനം തിരിച്ചെത്തിക്കാമെന്നാണ് ഹീത്രൂ പ്രതീക്ഷിക്കുന്നതെങ്കിലും യാത്രക്കാര്‍ കൂടുതല്‍ തടസ്സങ്ങളാണ് നേരിടേണ്ടി വരികയെന്ന് മുന്നറിയിപ്പുണ്ട്.
അര്‍ദ്ധരാത്രിയോടെ വെസ്റ്റ് ലണ്ടനിലെ എയര്‍പോര്‍ട്ടില്‍ നിന്നും വിമാനയാത്ര പുനരാരംഭിച്ചെങ്കിലും പരിമിതമായ തോതിലാണ് സര്‍വ്വീസുകള്‍. എയര്‍പോര്‍ട്ടിന് സമീപമുള്ള സബ്‌സ്റ്റേഷനില്‍ അഗ്നിബാധ ഉടലെടുത്തതോടെ വൈദ്യുതി ബന്ധം തകരാറിലായതാണ് സേവനങ്ങള്‍ തടസ്സപ്പെടാന്‍ കാരണമായത്.
യൂറോപ്പിലെ തിരക്കേറിയ വിമാനത്താവളമാണ് ഇന്നലെ അടച്ചിടേണ്ടി വന്നത്. ആയിരത്തിലേറെ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ഇതുവഴി 200,000 യാത്രക്കാരുടെ പദ്ധതികളാണ് ബുദ്ധിമുട്ടിലായത്. അതേസമയം തീപിടുത്തത്തിന് ഇടയാക്കിയ കാരണം ദുരൂഹമല്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. വൈദ്യുതി വിതരണ ഉപകരണത്തിലെ പ്രശ്‌നങ്ങളാണ് പ്രശ്‌നത്തിന് കാരണമെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് കരുതുന്നു.
എയര്‍പോര്‍ട്ട് ഓപ്പറേഷനുകള്‍ സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഹീത്രൂ മേധാവി വെളിപ്പെടുത്തി. ബ്രിട്ടീഷ് എയര്‍വേസ്, എയര്‍ കാനഡ, യുണൈറ്റഡ് എയര്‍ലൈന്‍സ് ഉള്‍പ്പെടെ നിരവധി എയര്‍ലൈനുകള്‍ ഹീത്രൂവിലെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഇത്രയും വലിയ പ്രതിസന്ധി സൃഷ്ടിച്ച തരത്തിലേക്ക് കാര്യങ്ങള്‍ മാറിയതോടെ ഹീത്രൂ മേധാവികള്‍ ചോദ്യങ്ങള്‍ നേരിടുന്നുണ്ട്.
ഒരു സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയതോടെ ഇതിന് ബാക്കപ്പ് ഇല്ലെന്നതാണ് പ്രധാന ചോദ്യം. ഇത്രയേറെ യാത്രക്കാര്‍ കടന്നുപോകുന്ന വിമാനത്താവളം വീണ്ടും പരാജയപ്പെടുകയാണ് ചെയ്തതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ ഭാഗത്ത് നിന്നുണ്ടായ പിശകാണ് തീപിടുത്തത്തിന് കാരണമായതെന്ന് പൊളിറ്റിക്കോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.