ലൂസി ലെറ്റ്ബിയെ കുഞ്ഞിനെ കൊല്ലുന്ന വിധത്തില്‍ 'കൈയോടെ' പിടികൂടിയെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ സംശയം. പ്രോസിക്യൂഷന്‍ വാദങ്ങള്‍ തള്ളുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടറുടെ ഇമെയിലാണ് കുഞ്ഞ് മരിച്ചത് പിന്നീടാണെന്ന് വ്യക്തമാകുന്നത്. ആജീവനാന്ത ജീവപര്യന്തം ശിക്ഷകള്‍ അനുഭവിക്കുന്ന നഴ്‌സ് ലൂസി ലെറ്റ്ബി നടത്തുന്ന നിയമപോരാട്ടത്തില്‍ സുപ്രധാന ഉത്തേജനം നല്‍കുന്നതാണ് ഈ പുതിയ വിവരം.
നഴ്‌സിന്റെ പെരുമാറ്റവും, കുഞ്ഞുങ്ങളുടെ മരണവും സംബന്ധിച്ച് നേരിട്ട് ബന്ധിപ്പിക്കുന്നതില്‍ ഏക മെഡിക്കല്‍ ദൃക്‌സാക്ഷി ഡോ. രവി ജയറാമായിരുന്നു. ഒരു പെണ്‍കുഞ്ഞിന്റെ സ്ഥിതി മോശമാകുമ്പോള്‍ സഹായത്തിനായി ശ്രമിക്കാതെ അരികില്‍ നില്‍ക്കുന്ന നഴ്‌സിനെ കണ്ടുവെന്നാണ് ഡോ. രവി ജയറാം മൊഴി നല്‍കിയത്.
എന്നാല്‍ 2017 മേയ് 4-ന് കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ സഹജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ ഡോ. ജയറാം തന്നെ മറ്റൊരു വിധത്തിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചത്. 'കുഞ്ഞിന്റെ അവസ്ഥ മോശമാകുമ്പോള്‍ സ്റ്റാഫ് നഴ്‌സ് ലെറ്റ്ബി ഇന്‍ക്യൂബേറ്ററിലുണ്ടായിരുന്നു. സാച്ചുറേഷന്‍ കുറയുന്നതായി ഡോ. ജയറാമിനെ വിളിച്ച് അറിയിച്ചു', ഇമെയിലില്‍ പറയുന്നു.
ഈ ഇമെയിലില്‍ തന്നെ കുഞ്ഞിന്റെ മോശം ആരോഗ്യസ്ഥിതിയാണ് മരണകാരണമെന്ന് ഡോ. ജയറാം പറയുന്നുണ്ട്. ഈ കുഞ്ഞിന്റെ അവസ്ഥ മോശമാകുകയും, പിന്നീട് മരണപ്പെടുകയുമാണ് ചെയ്തത്. മാസം തികയാതെ പ്രസവിച്ചതുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ ഇക്കാര്യത്തില്‍ പ്രസക്തമാണ്, ഡോ. ജയറാമിന്റെ ഇമെയില്‍ വ്യക്തമാക്കി. എന്നാല്‍ ലെറ്റ്ബി തന്നെ സഹായത്തിന് വിളിച്ചതായുള്ള ഡോ. ജയറാമിന്റെ വാക്കുകളും, കുഞ്ഞിന്റെ മരണത്തിന് ആരോഗ്യപരമായ കാരണങ്ങളുണ്ടെന്നതും പോലീസിന് അയച്ച അവസാന രേഖയില്‍ ഉണ്ടായിരുന്നില്ല.
ഡോ. ജയറാമിന്റെ തെളിവ് പരിശോധിച്ചാണ് ലെറ്റ്ബി മനഃപ്പൂര്‍വമാണ് ബ്രീത്തിംഗ് ട്യൂബ് നീക്കം ചെയ്തതെന്നും, ഡോക്ടര്‍ നഴ്‌സിനെ കൈയോടെ പിടികൂടിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചത്. ഇതോടെ കുഞ്ഞുങ്ങള്‍ മരിച്ചത് സ്വാഭാവിക കാരണങ്ങളാലും, ആരോഗ്യം മോശമായതും മൂലമാണെന്ന ലെറ്റ്ബിയുടെ അഭിഭാഷകരുടെ വാദമാണ് തെളിയുന്നത്.