സ്ത്രീ ആരാണെന്നത് സംബന്ധിച്ച് യുകെ സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധി പരസ്യമായി അംഗീകരിക്കാതെ ലേബര്‍ ഗവണ്‍മെന്റ്. വിധി വന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിന് തയ്യാറായിട്ടില്ല. വിധിയെ പൊതുമുഖത്ത് സ്വാഗതം ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.
ഇതിനിടെ രണ്ട് മന്ത്രിമാര്‍ വിധിയെ മറികടക്കാനുള്ള വഴികള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. ലേബര്‍ എംപിമാരോട് വിഷയത്തില്‍ മുന്നോട്ടുള്ള വഴി ആലോചിക്കാന്‍ ഒരു മന്ത്രി യോഗം വിളിച്ചിട്ടുമുണ്ട്. എന്നാല്‍ ഇത് വിധിയെ ഒതുക്കാനല്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വിശദീകരണം.
പുരുഷനായി ജനിച്ച് സ്ത്രീയെന്ന് അവകാശപ്പെടുന്നവര്‍ നിയമപരമായി ഈ വിഭാഗത്തില്‍ പെടില്ലെന്നാണ് സുപ്രീംകോടതി വിധി. സ്റ്റാര്‍മര്‍ ഗവണ്‍മെന്റ് ഈ വിധിയെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണെന്നാണ് ആശങ്ക. വിധി സ്വാഗതം ചെയ്യുന്നതായി ഗവണ്‍മെന്റ് വക്താവ് പറഞ്ഞെങ്കിലും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. അതേസമയം സുപ്രധാന വിധി കരസ്ഥമാക്കാന്‍ കേസ് നല്‍കിയ സ്ത്രീകള്‍ക്ക് ഇപ്പോള്‍ വധഭീഷണി നേരിടുകയാണ്.
വിധിക്കെതിരെ പ്രതിഷേധിക്കുന്ന ട്രാന്‍സ് അവകാശ പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നെല്‍സണ്‍ മണ്ടേലയുടേത് ഉള്‍പ്പെടെ ഏഴ് സ്മാരകങ്ങള്‍ നശിപ്പിച്ചു. സ്വാതന്ത്ര്യത്തിനും, ന്യായത്തിനുമായി പോരാടിയ സ്ത്രീകളുടെയും, പുരുഷന്‍മാരുടെയും ശില്‍പ്പങ്ങള്‍ ഈ വിധി കേടുപാട് വരുത്തുന്നത് നാണക്കേടാണെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പ്രതികരിച്ചു.
ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഫോര്‍ വുമണ്‍ സ്‌കോട്ട്‌ലണ്ട് നല്‍കിയ പരാതിയില്‍ യുകെ സുപ്രീംകോടതി സ്ത്രീ ആരാണെന്ന് നിര്‍വചിച്ചത്. വിധി വന്നപ്പോള്‍ കോടതിക്ക് പുറത്ത് വിജയം ആഘോഷിച്ച മൂന്ന് സ്ത്രീകള്‍ക്കാണ് ഇപ്പോള്‍ വിദ്വേഷ പ്രചരണം നേരിടേണ്ടി വരുന്നത്.