ലഹരി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.
കഴിഞ്ഞ ദിവസം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച താരത്തോട് 22ന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ 22ന് തനിക്ക് അസൗകര്യം ഉണ്ടെന്നും 21ന് ഹാജരാകാമെന്നും ഷൈന്‍ അറിയിക്കുകയായിരുന്നു. ഇത് പൊലീസ് അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ഷൈന്‍ 21ന് ഹാജരാകേണ്ടെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈന്‍ ടോം ചാക്കോയെ തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. രാസ ലഹരി ഉള്‍പ്പെടെ ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഷൈന്‍ സ്റ്റേഷനില്‍ ഹാജരാകുന്നതിന് മുന്‍പ് ആന്റി ഡോട്ട് ഉപയോഗിച്ചിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്.
ലഹരിയുടെ സാന്നിധ്യം തിരിച്ചറിയാതിരിക്കാനുള്ള മറുമരുന്നെന്ന നിലയിലുള്ള ആന്റിഡോട്ട് ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് പൊലീസിന്റെ സന്ദേഹം. അങ്ങനെയെങ്കില്‍ വൈദ്യ പരിശോധന ഫലത്തില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്തുക പ്രയാസമായിരിക്കുമെന്നാണ് വിലയിരുത്തല്‍.