തുടരും സിനിമ വന്‍വിജയമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് എല്ലാവര്‍ക്കും നന്ദിയറിയിച്ച് സൂപ്പര്‍താരം എത്തിയത്. എംപുരാന് ശേഷം തുടര്‍ച്ചയായ രണ്ടാം ഹിറ്റ് ചിത്രമാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. പെര്‍ഫോമര്‍ മോഹന്‍ലാലിനെ തിരിച്ചുതന്നതില്‍ സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്ക് എല്ലാവരും നന്ദി അറിയിക്കുന്നുണ്ട്. വലിയ ഹൈപ്പൊന്നുമില്ലാതെ എത്തിയ തുടരും തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടില്‍ ഏറെ നാളുകള്‍ക്ക് ശേഷമിറങ്ങിയ ചിത്രമെന്ന പ്രത്യേകത കൊണ്ട് കൂടിയാണ് തുടരും പ്രേക്ഷകര്‍ ഏറ്റെടുത്തത്.
അതേസമയം തുടരും സിനിമയ്ക്ക് ലഭിക്കുന്ന ഓരോ പ്രതികരണങ്ങളും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു എന്ന് കുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ചിത്രത്തെ സ്നേഹിച്ചതിനും ചേര്‍ത്തുനിര്‍ത്തിയതിനും നന്ദിയെന്നും സൂപ്പര്‍താരം കുറിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടതിന്, അതിനെ ചേര്‍ത്ത് നിര്‍ത്തിയതിന് നന്ദി. ഈ നന്ദി എന്റേത് മാത്രമല്ല, തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്ന് ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്.
എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് കുമാര്‍, ഷാജി കുമാര്‍, ജേക്സ് ബിജോയ്, പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരും ചിത്രത്തെ ഇന്ന് കാണുന്ന രീതിയിലാക്കിയത്. ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിര്‍മ്മിച്ചതാണ്. അത് വളരെ ആഴത്തില്‍ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാള്‍ കൂടുതലാണ്. അതാണ് യഥാര്‍ഥ അനുഗ്രഹം. ഹൃദയപൂര്‍വ്വം എന്റെ നന്ദി, മോഹന്‍ലാല്‍ കുറിച്ചു.