പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാല്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും മഴ ശക്തമായിരുന്നു. ഇതോടെയാണ് അധികൃതര്‍ക്ക് ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവന്നത്. വെള്ളം കുത്തിയൊഴുകി തുടങ്ങിയതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയ സാധ്യത നിലനില്‍ക്കുകയാണ്.
നേരത്തെ ഉറി ഡാമുകളുടെ ഷട്ടറുകളും ഇന്ത്യ തുറന്നിരുന്നു. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ മേഖലയില്‍ തുറന്നുവിടുന്ന രണ്ടാമത്തെ ഡാം ആണ് സലാല്‍. കഴിഞ്ഞ ആഴ്ച പാകിസ്താന് ഒരു മുന്നറിയിപ്പും നല്‍കാതെ സലാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ത്യ അടച്ചിരുന്നു. ഇത് പാകിസ്താന്റെ കര്‍ഷക മേഖലയ്ക്ക് കനത്ത നാശമാണ് നല്‍കിയിരുന്നത്. സിന്ധു നദീ ജല കരാറുമായി ബന്ധപ്പെട്ട ശക്തമായ നിലപാട് ഇന്ത്യ തുടരുകയാണ്. ഒരുഘട്ടത്തിലും ഇനി മുന്നറിയിപ്പ് പാകിസ്താന് നല്‍കില്ലെന്നാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട്.