ബ്രിട്ടനിലെ ഏറ്റവും വലിയ പ്രശ്നമായി രാജ്യത്തെ ജനങ്ങള്‍ 'കുടിയേറ്റത്തെ' കാണാന്‍ തുടങ്ങിയെന്ന് കണ്ടെത്തല്‍. ഇമിഗ്രേഷന്‍ സംബന്ധിച്ച ആശങ്ക പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ച ആശങ്കയ്ക്ക് കാരണമാകുന്നുവെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.
രാജ്യത്തെ പകുതിയോളം ജനങ്ങളാണ് ബ്രിട്ടന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നായി ഇമിഗ്രേഷനെ കാണാന്‍ തുടങ്ങിയിരിക്കുന്നത്. ബ്രക്സിറ്റ് വോട്ടിന് മുന്‍പുണ്ടായിരുന്ന ചരിത്രപരമായ ഉയര്‍ന്ന നിലയിലേക്കാണ് ആശങ്ക വര്‍ദ്ധിച്ചതെന്ന് ഇപ്സോസ് സര്‍വ്വെ പറയുന്നു.
ബ്രിട്ടന് ഇപ്പോള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് 49 ശതമാനം 'കുടിയേറ്റത്തെ' പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. കഴിഞ്ഞ മാസത്തേക്കാള്‍ 15 ശതമാനമാണ് വര്‍ദ്ധന. 2016 ജൂണിലെ ഇയു ഹിതപരിശോധനാ സമയത്ത് ഇമിഗ്രേഷന്‍ വലിയ പ്രശ്നമായി 48 ശതമാനം ജനങ്ങളാണ് കരുതിയിരുന്നതെന്നും ഇപ്സോസ് പറഞ്ഞു.
എന്‍എച്ച്എസും, ഹെല്ത്ത്കെയറുമാണ് ആശങ്കയില്‍ രണ്ടാം സ്ഥാനത്ത്, 34 ശതമാനം പേര് ഇക്കാര്യം രേഖപ്പെടുത്തി. സമ്പദ് വ്യവസ്ഥ 33 ശതമാനം പേര് രേഖപ്പെടുത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തായി. ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് ഇമിഗ്രേഷന്‍ ആശങ്കകള്‍ ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നതെന്ന് ഇപ്സോസ് ഡയറക്ടര്‍ മൈക്ക് ക്ലെമന്‍സ് ചൂണ്ടിക്കാണിച്ചു.
അതേസമയം പരമ്പരാഗതമായി കുടിയേറ്റത്തെ അനുകൂലിച്ചിരുന്ന വിഭാഗങ്ങളും ഇപ്പോള്‍ ഇതിനെതിരെ തിരിയുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത് തിരിച്ചറിഞ്ഞാണ് ബ്രിട്ടന് 'അപരിചിതരുടെ ദ്വീപായി' മാറുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് പോലും പ്രഖ്യാപിക്കേണ്ടി വന്നത്. റിഫോം യുകെയുടെ വരവോടെ ആരാണ് ഏറ്റവും വലിയ കുടിയേറ്റ വിരുദ്ധത കാണിക്കുകയെന്ന മത്സരമാണ് ബ്രിട്ടനിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ അരങ്ങേറുന്നത്.