കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ തരൂര്‍ മോദിയെ അറിയിച്ചതായാണ് വിവരം. തരൂര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്.
ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച. തരൂരിന് പദവി നല്‍കുന്നതൊന്നും ചര്‍ച്ചയായില്ലെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ പ്രതികരിക്കാനില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, ശശി തരൂരിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ വേണ്ടെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. തരൂരിനെതിരെ ശ്രദ്ധയോടെ നീങ്ങാനാണ് നീക്കം. തരൂരിനെ പിണക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും അതൃപ്തിയുള്ളത് പരിഗണിക്കും. വിദേശനയത്തില്‍ തരൂരിന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പ് തുടരാനും തരൂര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിരീക്ഷിക്കാനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.