ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഫോളോവേഴ്‌സ് കുറയാന്‍ ഭര്‍ത്താവ് കാരണക്കാരനായി എന്ന് ആരോപിച്ച് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ ആണ് സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട തര്‍ക്കം ദമ്പതികളുടെ വേര്‍പിരിയലിലേക്ക് വഴി മാറിയത്.
ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് കുറഞ്ഞു എന്നതുമായി ബന്ധപ്പെട്ട് ഭാര്യയും ഭര്‍ത്താവും തമ്മില്‍ ആരംഭിച്ച തര്‍ക്കമാണ് ജോലി നഷ്ടപ്പെടുന്നതിലേക്കും പൊലീസ് കേസിലേക്കും ഒടുവില്‍ ഇപ്പോള്‍ പരസ്പരം വേര്‍പിരിഞ്ഞു താമസിക്കുന്നതിലേക്കും വരെ എത്തിനില്‍ക്കുന്നത്. ഭര്‍ത്താവുമായി ഇനി യോജിച്ചു പോകാന്‍ പറ്റില്ല എന്നാണ് യുവതിയുടെ വാദം.
നോയിഡയില്‍ നിന്നുള്ള വിജേന്ദ്രയും ഇയാളുടെ ഭാര്യ പില്‍ഖുവയില്‍ നിന്നുള്ള നിഷയുമാണ് വിചിത്രമായ തര്‍ക്കത്തിന്റെ പേരില്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ഉണ്ടായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്ന കുറവാണ് നിഷയെ ചൊടിപ്പിച്ചത്. ഇതിന് കാരണം മുന്‍പ് ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് നടത്തിയ പരാമര്‍ശം ആണെന്നാണ് ഇവര്‍ പറയുന്നത്. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഇപ്പോള്‍ വിവാഹമോചനത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നത്.
നിഷയുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഇവരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കണമെന്നും വീട്ടുകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും വിജേന്ദ്ര പലതവണ ഭാര്യയോട് പറഞ്ഞിരുന്നതായാണ് ഇവരുടെ ബന്ധുക്കള്‍ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്.
എന്നാല്‍ നിഷ അതിനു തയ്യാറായില്ലെന്നും കൂടാതെ തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞതിനെത്തുടര്‍ന്ന് ഭര്‍ത്താവുമായി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് ഇറങ്ങി പോവുകയായിരുന്നുവെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം വീട്ടിലെത്തിയശേഷം നിഷ ഹാപൂരിലെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയായിരുന്നു. ഈ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിജേന്ദ്രയ്ക്ക് ജോലി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.