വിമാനദുരന്തത്തിന്റെ ആഘാതം പങ്കുവെച്ച് വിമാനം ഇടിച്ച് കയറിയ ബി ജെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളും ജീവനക്കാരും. ഉച്ചഭക്ഷണം കഴിച്ച് സ്റ്റെപ്പിറങ്ങുമ്പോള്‍ കാതടിപ്പിക്കുന്ന ഒരു ശബ്ദം കേള്‍ക്കുകയായിരുന്നുവെന്ന് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി കിഷാന്‍ വാലകി പറഞ്ഞു. വിമാനം തകര്‍ന്നതാണെന്നറിയാന്‍ കുറച്ച് സമയമെടുത്തെന്നും അദ്ദേഹം ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
'ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. വിമാനത്തിന്റെ പിന്‍ഭാഗമാണ് കെട്ടിടത്തിലിടിച്ചത്. അവിടെ തീപ്പിടിച്ചിരുന്നില്ല. ഭിത്തികള്‍ തകരുകയും ഞങ്ങളുടെ സുഹൃത്തുക്കള്‍ അവശിഷ്ടങ്ങള്‍ക്കിടയിലാകുകയുമായിരുന്നു', അദ്ദേഹം പറഞ്ഞു. അപകടത്തില്‍ കിഷാന്റെ സുഹൃത്ത് രാകേഷ് ദിഹോറയും മരിച്ചിരുന്നു. താനും രാകേഷും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാനിരുന്നതെന്നും താന്‍ വേഗം കഴിച്ചിറങ്ങിയെന്നും കിഷാന്‍ പറഞ്ഞു. വിമാനമിടിച്ച് തകര്‍ന്ന ഭിത്തിക്കും മേല്‍ക്കൂരയ്ക്കുമിടയില്‍ രാകേഷ് കുടുങ്ങുകയായിരുന്നു.
ആദ്യം വലിയ ശബ്ദമായിരുന്നു കേട്ടതെന്നും പിന്നാലെ സ്ഫോടനം നടക്കുകയും മുഴുവന്‍ സ്ഥലവും ഇരുട്ടാകുകയും എല്ലായിടത്തും തീപ്പിടിക്കുകയുമായിരുന്നുവെന്ന് അപകടത്തില്‍ പരിക്കേറ്റ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി ഹാര്‍ഷ് ചൊട്ടാലിയ പറഞ്ഞു. 'എല്ലാ സ്ഥലവും കത്തുകയും എല്ലായിടത്തും ഇന്ധനത്തിന്റെ മണം പരക്കുകയും ചെയ്തു. മെസ്സിനകത്തെ എല്ലാവരും ഓടിത്തുടങ്ങി. അഞ്ച് മിനിറ്റ് നേരത്തേക്ക് ഞങ്ങള്‍ക്ക് ഒന്നും കാണാന്‍ സാധിച്ചില്ല. മെസ്സിലേക്ക് ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്ന് വീണു. മറ്റൊരു കെട്ടിടത്തില്‍ തീപ്പിടിച്ചു. അവിടെ നിന്ന് പറ്റുന്നിടത്തോളം ഓടി രക്ഷപ്പെടുകയായിരുന്നു', അദ്ദേഹം പറഞ്ഞു.