പ്രണയ വിവാഹത്തെച്ചൊല്ലിയുള്ള കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എച്ച്.എം. ജയറാമിനെ തമിഴ്‌നാട്ടില്‍ കസ്റ്റഡിയിലെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കസ്റ്റഡി. പുരട്ചി ഭാരതം പാര്‍ട്ടിയുടെ നേതാവും എംഎല്‍എയുമായ പൂവൈ ജഗന്‍ മൂര്‍ത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജഡ്ജി രൂക്ഷമായ വിമര്‍ശനമുന്നയിച്ചു. നിങ്ങള്‍ എന്തിനാണ് പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നത് ഒരു എംഎല്‍എ മാതൃകയാകണമെന്നും കോടതി പറഞ്ഞു. പാര്‍ട്ടി കേഡര്‍മാരുടെ അകമ്പടിയോടെയല്ലാതെ ജഗന്‍ മൂര്‍ത്തി ഹാജരാകണമെന്ന് ജഡ്ജി മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ നേതാക്കള്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവരുടെ സ്വാധീനം ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.
തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ നിന്ന് എംഎല്‍എയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അനുയായികള്‍ നിയമപാലകരെ തടഞ്ഞുവെന്ന പൊലീസ് വാദം കോടതി ശ്രദ്ധിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോഴും പരിഗണനയിലാണെങ്കിലും അന്വേഷണവുമായുള്ള അദ്ദേഹത്തിന്റെ സഹകരണം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് കോടതി സൂചിപ്പിച്ചു.
22 വയസ്സുള്ള ഒരു യുവാവും ഒരു യുവതിയും തമ്മിലുള്ള വിവാഹത്തെ ചുറ്റിപ്പറ്റിയാണ് കേസ്. പിതാവ് വനരാജ വിവാഹത്തെ എതിര്‍ത്തിരുന്നു. വിവാഹം മുടക്കാന്‍ തീരുമാനിച്ച വനരാജ, സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട മുന്‍ പൊലീസ് കോണ്‍സ്റ്റബിളായ മഹേശ്വരിയെ സമീപിച്ചതായി ആരോപിക്കപ്പെടുന്നു. മഹേശ്വരി എഡിജിപി ജയറാമിനെ സമീപിച്ചതായും അദ്ദേഹം എംഎല്‍എ ജഗന്‍ മൂര്‍ത്തിയുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്.
വരനെ കണ്ടെത്താനാകാതെ വന്നതോടെ എംഎല്‍എയുടെ ആളുകള്‍ 16 വയസ്സുള്ള ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോയി എന്നാണ് ആരോപണം. ആണ്‍കുട്ടിയുടെ അമ്മ പൊലീസിനെ സമീപിച്ചപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിട്ടയച്ചു. എഡിജിപി ജയറാമിന്റെ കാറില്‍ കുട്ടിയെ വിട്ടയച്ചതായി പൊലീസ് പറയുന്നു. വാഹനം ഓടിച്ചിരുന്നത് സര്‍വീസിലുള്ള ഒരു കോണ്‍സ്റ്റബിളായിരുന്നുവെന്നും അതില്‍ മഹേശ്വരിയും വനരാജയും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. 2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ ചിഹ്നത്തിലാണ് ജഗമൂര്‍ത്തി വിജയിച്ചത്.