യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച മന്ത്രവാദിയും സഹായികളും അറസ്റ്റില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിനിയായ യുവതി കായല്‍വിഴി (28) ആണ് മരിച്ചത്. യുവതിയുടെ ശരീരഭാഗങ്ങള്‍ മണിമുത്തന്‍കുളം കനാലിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവുമായി അകന്നുകഴിഞ്ഞിരുന്ന യുവതിയെ 8 മാസം മുന്‍പണ് കാണാതായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദികളേയും സഹായികളേയും അറസ്റ്റ് ചെയ്തത്.
അതേസമയം, കൊലപാതകം നടത്തിയത് ഒക്ടോബര്‍ 5നാണെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവുമായി ഒന്നിക്കുന്നതിനുള്ള വഴി തേടിയാണ് യുവതി മന്ത്രവാദിയെ സമീപിച്ചത്. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഇയാള്‍ ലോക്കല്‍ കേബിള്‍ ചാനലുകളില്‍ പരസ്യം നല്‍കിയിരുന്നു. ഇത് വിശ്വസിച്ച യുവതി അച്ഛനൊപ്പം മന്ത്രവാദിയെ സമീപിക്കുകയും പണം നല്‍കുകയും ചെയ്തു. ഫലം കാണാതായതോടെ യുവതി പണം തിരിച്ചുതരാന്‍ ആവശ്യപ്പെട്ടതാണ് കൊലയ്ക്ക് കാരണമായത്. യുവതിയെ ശുചീന്ദ്രത്തേക്ക് വിളിച്ചുവരുത്തി കാറിനുള്ളില്‍ വച്ച് കഴുത്തു ഞെരിച്ചു കൊന്നതായി പ്രതികള്‍ സമ്മതിച്ചു.
കൊലപാതകത്തിന് ശേഷം ഇവരുടെ കഴുത്തില്‍ ഉണ്ടായിരുന്ന 7 പവന്റെ സ്വര്‍ണ മാലയും പ്രതികള്‍ എടുത്തു. ഒരു സ്ത്രീ അടക്കം 3 സഹായികളും അറസ്റ്റിലായിട്ടുണ്ട്. നിരവധി സ്ത്രീകളില്‍ നിന്ന് പ്രതികള്‍ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.