വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം, ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ഭാര്യ. ജാര്‍ഖണ്ഡിലെ ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലാണ് വിവാഹം കഴിഞ്ഞ് 36 ദിവസങ്ങള്‍ക്ക് ശേഷം യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ വിഷം നല്‍കിയാണ് കൊലപാതകം. ഗര്‍വ ജില്ലയിലെ ബഹോകുന്ദര്‍ ഗ്രാമത്തിലുള്ള ബുദ്ധനാഥ് സിങാണ് മരിച്ചത്. സംഭവത്തില്‍ 22 കാരിയായ സുനിത എന്ന യുവതിയെ പൊലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
മകനെ ഭാര്യ കൊലപ്പെടുത്തിയെന്ന പരാതിയുമായി രാജ്മതി എന്ന സ്ത്രീ പൊലീസിനെ സമീപിച്ചതോടെയാണ് ഈ വിവരം പുറത്തുവന്നത്. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ യുവാവും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത്. രങ്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബഹോകുന്ദര്‍ ഗ്രാമത്തിലെ താമസക്കാരനായ ബുദ്ധനാഥ് സിംഗും ഛത്തീസ്ഗഡിലെ രാമചന്ദ്രപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിഷുണ്‍പൂര്‍ ഗ്രാമത്തിലെ രഘുനാഥ് സിങ്ങിന്റെ മകള്‍ സുനിതയും തമ്മില്‍ മെയ് 11ന് വിവാഹം കഴിക്കുന്നത്.
വിവാഹം കഴിഞ്ഞ് തൊട്ടുത്ത ദിവസം സ്വന്തം വീട്ടിലേക്ക് മടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നാണ് വിവരം. ബുദ്ധനാഥിനെ ഇഷ്ടമില്ലെന്നും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും സുനിത ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇരുവരുടേയും കുടുംബാംഗങ്ങള്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് ഒരുമിച്ച് ജീവിക്കാന്‍ ഇരുവരേയും ഉപദേശിച്ചു. തുടര്‍ന്ന് ജൂണ്‍ 5നാണ് സുനിത ബുദ്ധനാഥിനൊപ്പം വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇവര്‍ തമ്മില്‍ ഒത്തുപോയില്ല.
ജൂണ്‍ 14 ന് ദമ്പതികള്‍ ഛത്തീസ്ഗഡിലെ രാമാനുജ്ഗഞ്ച് മാര്‍ക്കറ്റില്‍ പോയിരുന്നു. കൃഷി ആവശ്യത്തിനെന്ന് പറഞ്ഞ് സുനിത ബുദ്ധനാഥിനെ കൊണ്ട്മാര്‍ക്കറ്റില്‍ നിന്ന് കീടനാശിനി വാങ്ങിപ്പിച്ചിരുന്നു. ജൂണ്‍ 15ന് രാത്രി സുനിത ഭര്‍ത്താവിന്റെ ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ യുവതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്.