പാകിസ്താന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യ വെടിനിര്‍ത്തലിന് സമ്മതിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് ശേഷവും, ഇരുരാജ്യങ്ങളും തമ്മിലുള്ള 'യുദ്ധം നിര്‍ത്തിയത്' താനാണെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ 'യുദ്ധം നിര്‍ത്തി' ആവര്‍ത്തിച്ച ട്രംപ് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പരാതിപ്പെടുകയും ചെയ്തു.
കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ നിന്ന് നേരത്തെ മടങ്ങേണ്ടി വന്നതിനാല്‍ മോദിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച നടക്കാതെ പോയതിനെ തുടര്‍ന്ന് ബുധനാഴ്ച പ്രധാനമന്ത്രി മോദിയും ട്രംപും 35 മിനിറ്റോളം ഫോണില്‍ സംസാരിച്ചിരുന്നു. പാകിസ്താന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു.
ഇന്ത്യ-യുഎസ് വ്യാപാര കരാറോ കശ്മീര്‍ വിഷയത്തില്‍ യുഎസ് മധ്യസ്ഥതയോ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മോദി ട്രംപിനെ ധരിപ്പിച്ചിരുന്നു. സൈനിക നടപടികള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവിലുള്ള ആശയവിനിമയ ചാനലുകളിലൂടെ നേരിട്ടാണ് നടന്നതെന്നും പാകിസ്താന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇത് ആരംഭിച്ചതെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.