ഭര്‍തൃമതിയായ യുവതി കാമുകനുമൊത്ത് ഹോട്ടലില്‍ മുറിയെടുത്ത് സമയം ചെലവിടുന്നതിനിടെ ഭര്‍ത്താവും ബന്ധുക്കളും പിടികൂടി. ഇതേ തുടര്‍ന്ന് യുവതി ഹോട്ടലില്‍ നിന്നും ചാടി രക്ഷപ്പെട്ടോടി. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ബറാവുത്ത് പട്ടണത്തിലാണ് സംഭവം. അതേസമയം കാമുകനെ ഹോട്ടല്‍ മുറിയില്‍ നിന്ന് പിടികൂടി പൊലീസിനെ ഏല്‍പിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച ബറാവുത്തിലെ ചപ്രൗളി റോഡിലുള്ള ഒരു ഹോട്ടലിലാണ് സംഭവം. സ്ത്രീ തന്റെ കാമുകനെന്ന് ആരോപിക്കപ്പെടുന്ന ശോഭിത്തിനൊപ്പം ഹോട്ടലില്‍ മുറിയെടുത്തതായി പൊലീസ് പറഞ്ഞു. താമസിയാതെ, ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പിന്തുടര്‍ന്ന് സ്ഥലത്തെത്തി. ഭര്‍ത്താവും ബന്ധുക്കളും എത്തിയെന്ന് അറിഞ്ഞതോടെ യുവതി പരിഭ്രാന്തയായി. പിന്നാലെ ഏകദേശം 12 അടി ഉയരമുള്ള ഹോട്ടല്‍ മേല്‍ക്കൂരയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി. ''ആരോപണവിധേയനായ കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തുഗാന ഗ്രാമത്തിലെ ഒരു യുവാവാണ് ഹോട്ടല്‍ വാടകയ്ക്ക് നടത്തിയിരുന്നത്, അയാളെയും ചോദ്യം ചെയ്തുവരികയാണ്. ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.'- ബറാവുത്ത് കോട്വാലി എസ്എച്ച്ഒ മനോജ് കുമാര്‍ ചാഹല്‍ പറഞ്ഞു.
കകോര്‍ ഗ്രാമത്തിലെ യുവാവുമായി 2019 ലായിരുന്നു യുവതിയുടെ വിവാഹം. ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്. വിവാഹത്തിന് മുമ്പ് ഭാര്യ നിരവധി പുരുഷന്മാരുമായി ബന്ധത്തിലായിരുന്നുവെന്നും അതിനുശേഷം ബന്ധം തുടര്‍ന്നിരുന്നുവെന്നും ഭര്‍ത്താവ് ആരോപിച്ചു. കള്ളക്കേസുകള്‍ ചുമത്തി ഭീഷണിപ്പെടുത്തിയിരുന്നതായും എതിര്‍ത്താല്‍ കൊല്ലുമെന്ന് പോലും ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.