വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍ പൊലീസ് പിടിയില്‍. ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സുള്ള കൃതിപട്ടേലിനെതിരെയാണ് പൊലീസ് കേസെടുത്തത്. പത്തുമാസത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്നു കൃതി.
സൂറത്തിലെ ഒരു കെട്ടിട നിര്‍മ്മാതാവിനെ ഹണിട്രാപ്പില്‍ കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്ത് കോടികള്‍ ആവശ്യപ്പെട്ടെന്നാണ് കൃതി പട്ടേലിനെതിരെയുള്ള കേസ്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ഇവര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ വിവിധ നഗരങ്ങളില്‍ മാറിമാറി താമസിച്ചും സിംകാര്‍ഡ് മാറ്റിയും ഇവര്‍ പൊലീസിന് പിടികൊടുക്കാതെ നടക്കുകയായിരുന്നു. തുടര്‍ന്ന് സാങ്കേതിക സംഘത്തിന്റെയും സൈബര്‍ വിദഗ്ധരുടെയും സഹായത്തോടെ പൊലീസ് അഹമ്മദാബാദില്‍ കൃതിപട്ടേല്‍ ഒളിവിലിരിക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു.
ഹണിട്രാപ്പിംഗ് കേസിന് പുറമെ, പിടിച്ചുപറി കേസും കൃതിക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. ഇത് കൂടാതെ ഭൂമി കൈയേറ്റം അടക്കം നിരവധി പരാതികള്‍ വേറെയുമുണ്ടെന്നും ഈ കേസുകളിലൊക്കെ പ്രതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.