പ്രസവിക്കാന്‍ ഒരുങ്ങിയ സ്ത്രീയുമായി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് സസ്‌പെന്‍ഷന്‍ ക്ഷണിച്ച് വരുത്തി മലയാളിയായ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്. എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റില്‍ വെച്ച് സിസേറിയന്‍ ചെയ്യണമെന്ന നില വന്നതോടെയാണ് ഡോക്ടര്‍ രോഗിയുമായി ഏറ്റുമുട്ടിയത്.
സൗത്ത് ലണ്ടന്‍ മിച്ചാമില്‍ നിന്നുള്ള 62-കാരി ഡോ. പ്രമീളാ തമ്പിയാണ് സ്ത്രീ സ്വാഭാവികമായി പ്രസവിക്കില്ലെന്ന് മനസ്സിലാക്കിയതോടെ യുദ്ധരീതി സ്വീകരിച്ചത്. ബക്കിംഗ്ഹാംഷയര്‍ മില്‍ടണ്‍ കെയിന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മറ്റേണിറ്റി യൂണിറ്റില്‍ മറ്റ് സഹജീവനക്കാര്‍ സാക്ഷി നില്‍ക്കവെയാണ് സിസേറിയന്‍ വേണമെന്ന സ്ത്രീയുടെ ആവശ്യം ഡോ. പ്രമീള നിരസിച്ചത്.
'നിങ്ങള്‍ മനസ്സിലാക്കി അഭിനന്ദിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍, ഒരു കണ്‍സള്‍ട്ടന്റെന്ന നിലയില്‍ ആറ് മണി കഴിഞ്ഞ് വീട്ടില്‍ പോകേണ്ട ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ അരികിലുണ്ട്, അല്ലായിരുന്നെങ്കില്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഒരു രജിസ്ട്രാറെ ഏല്‍പ്പിക്കേണ്ടതായിരുന്നു', ഡോക്ടര്‍ മറുപടി നല്‍കി.
ഇതിന് ശേഷം ഫോര്‍സെപ്‌സ് ഉപയോഗിക്കാന്‍ ഡോക്ടര്‍ രോഗിയില്‍ സമ്മര്‍ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു. 'ഇത് ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ കുഞ്ഞിന് എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. കുഞ്ഞിനെയാണ് നിങ്ങള്‍ അപകടത്തിലാക്കുന്നത്', ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
എതിര്‍പ്പറിയിച്ചിട്ടും ഡോക്ടര്‍ ഇത് ഉപയോഗിച്ചതോടെ 'നിങ്ങളെ ഞാന്‍ വെറുക്കുന്നുവെന്ന്' രോഗി ബഹളം വെച്ചു. പ്രസവം വേദനാജനകമാക്കുകയും, ഫോര്‍സെപ്‌സ് കുഞ്ഞിന്റെ തലയിലും, മുഖത്തും ക്ഷതമേല്‍പ്പിച്ചുവെന്നും ഇവര്‍ അവകാശപ്പെടുന്നു. മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസ് ഡോ. പ്രമീള തമ്പി നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കണ്ടെത്തി മൂന്നാഴ്ചത്തേക്ക് സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചു.