ബ്രിട്ടീഷ് ജയിലുകളില്‍ ഇപ്പോള്‍ തടവുകാരെ ഭയന്ന് ജോലി ചെയ്യേണ്ട ഗതികേടിലാണ് ഇവിടുത്തെ വാര്‍ഡന്‍മാര്‍. കാരണം ഏത് നിമിഷവും ഏത് ഭാഗത്ത് നിന്നും അക്രമം നേരിടാം. തിളച്ച വെള്ളം ഒഴിക്കാം. ടൂത്ത്ബ്രഷ് പോലുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ ആയുധങ്ങളാക്കി മാറ്റി അക്രമത്തിന് ഇരയാകാം. മയക്കുമരുന്ന് അടിച്ച് ബോധംകെട്ട ക്രിമിനലുകളാണ് ഈ അവസ്ഥയ്ക്ക് പിന്നിലെന്നാണ് വാച്ച്‌ഡോഗ് മുന്നറിയിപ്പ് നല്‍കുന്നത്.
ജയിലുകളില്‍ ശിക്ഷ അനുഭവിക്കേണ്ട ക്രിമിനലുകള്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ സുഖജീവിതം നയിക്കുകയാണെന്ന് പ്രിസണ്‍സ് വാച്ച്‌ഡോഗ് ചൂണ്ടിക്കാണിച്ചു. മയക്കുമരുന്ന് ഇവര്‍ക്ക് അനായാസം ലഭ്യമാകുന്നു, ഇത് ഉപയോഗിച്ച് കിറുങ്ങി ഇരിക്കുന്ന കുറ്റവാളികള്‍ പകല്‍ സമയം മുഴുവന്‍ ടിവി കണ്ട് ഇരുപ്പാണെന്നും റിവ്യൂ കണ്ടെത്തി.
ക്രിമിനല്‍ സംഘങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ജയിലുകളിലേക്ക് മയക്കുമരുന്ന് മാത്രമല്ല, ആയുധങ്ങള്‍ ഉള്‍പ്പെടെ എത്തിക്കുന്നതായാണ് വിവരം. ജനലുകള്‍ക്ക് അരികിലേക്ക് വരെ ഇവ എത്തിപ്പെടുന്നു. ആപ്പുകള്‍ ഉപയോഗിച്ച് ലൊക്കേഷന്‍ രേഖപ്പെടുത്തിയ ശേഷമാണ് സംഘങ്ങളുടെ പാക്ക് ഡ്രോപ്പിംഗ്.
ഇത്തരം ക്രിമിനലുകളെ ചെല്ലുംചെലവും കൊടുത്ത് ജയിലുകളില്‍ പാര്‍പ്പിക്കാന്‍ പ്രതിവര്‍ഷം 57,000 പൗണ്ടാണ് ചെലവ് വരുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പല സെല്ലുകളിലും ഇവര്‍ ദിവസേന 22 മണിക്കൂര്‍ വരെ മയക്കുമരുന്ന് ഉപയോഗിച്ച് ടിവി കണ്ടും സമയം ചെലവിടുന്നു. ഇതില്‍ റിഹാബിലിറ്റേഷന്‍ നടക്കാന്‍ സാധ്യതയില്ലെന്ന് മാത്രമല്ല, നികുതിദായകന്റെ പണത്തിന് ഉതകുന്ന മൂല്യവും കിട്ടുന്നില്ല, റിപ്പോര്‍ട്ട് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജയിലുകളില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ജീവനക്കാര്‍ക്കും, സഹതടവുകാര്‍ക്കും എതിരായ ഗുരുതര അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. മയക്കുമരുന്നിന് പുറമെ തിരക്കേറിയ സാഹചര്യങ്ങളും ഇതിന് ഉത്തേജനം നല്‍കുന്നുണ്ട്.