നോട്ടിംഗ്ഹാമില്‍ പ്രാര്‍ത്ഥനയ്ക്കിടെ മുസ്ലീങ്ങള്‍ ജൂതന്‍മാരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത ഇസ്ലാമിക് ചാരിറ്റി ട്രസ്റ്റിയെ അയോഗ്യനാക്കി. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് ആറ് ദിവസം മാത്രം പിന്നിടുമ്പോഴായിരുന്നു ഈ ജൂതവിദ്വേഷ പ്രസംഗം. സംഭവത്തില്‍ ചാരിറ്റിക്ക് ഔദ്യോഗികമായി താക്കീതും നല്‍കി.
നോട്ടിംഗ്ഹാം ഇസ്ലാം ഇന്‍ഫൊര്‍മേഷന്‍ പോയിന്റില്‍ സംസാരിക്കവെയായിരുന്നു ഹാരൂണ്‍ അബ്ദുര്‍ റാഷിദ് ഹോംസ് സദസ്സിലുള്ളവരോട് മുസ്ലീങ്ങള്‍ ജൂതന്‍മാര്‍ക്ക് എതിരെ പോരാടുകയും, അവരെ കൊല്ലുകയും, ജൂതന്‍മാര്‍ കല്ലിനും, മരത്തിനും പിന്നില്‍ ഒളിച്ചിരിക്കുന്നത് വരെ അത് തുടരണമെന്നും ആവശ്യപ്പെട്ടത്.
ഇസ്ലാമോഫോബിയ നേരിടുന്ന ഇരകളെ സഹായിക്കാനും, മതത്തെ കുറിച്ച് സംസാരിക്കാനും സംഘടിപ്പിച്ച പരിപാടിയില്‍ രാഷ്ട്രീയവും, വോട്ടിംഗും മുഖ്യ വിഷയങ്ങളാക്കി മാറ്റരുതെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് വര്‍ഗ്ഗീയത ആളിക്കത്തിക്കുന്ന പ്രസംഗത്തില്‍ നോട്ടിംഗ്ഹാം ഇസ്ലാം ഇന്‍ഫൊര്‍മേഷന്‍ പോയിന്റിന് ചാരിറ്റി കമ്മീഷണര്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയത്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന് ശേഷമുള്ള 18 മാസങ്ങളില്‍ ചാരിറ്റികളുമായി ബന്ധമുള്ള ഇത്തരം മുന്നൂറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി റെഗുലേറ്റര്‍ വ്യക്തമാക്കി. ഹോംസിന്റെ പ്രസംഗം ചാരിറ്റിയുടെ ഉദ്ദേശങ്ങളെ സഹായിക്കുന്നതല്ല, ആവശ്യമുള്ളവര്‍ക്ക് ആശ്വാസവും നല്‍കുന്നില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാണിച്ചു.
ഇമാമായി പരിശീലനം നേടാത്ത ഹോംസ് ട്രസ്റ്റിയുടെ റോള്‍ നിര്‍വഹിക്കവെയാണ് ഈ വിദ്വേഷ പ്രസംഗം നടത്തിയത്. ഇയാളെ ഈ പദവിയില്‍ നിന്നും അയോഗ്യനാക്കി.