തൊഴില്‍ സ്ഥലം സന്തോഷപൂര്‍വ്വം തൊഴില്‍ ചെയ്യാനുള്ള ഇടമായിരിക്കണം. എന്നാല്‍ പലരുടെയും കാര്യം അതല്ല. തൊഴിലിടം പീഡനങ്ങള്‍ക്ക് ഇരകളാകുന്ന ഇടങ്ങളായിരിക്കും. എന്നാല്‍ ഇത് പുറത്തുപറയാന്‍ അവര്‍ക്ക് ധൈര്യവും കാണില്ല. ഇതിന് കാരണമാകുന്നത് ജോലിക്ക് കയറുമ്പോള്‍ ഒപ്പിട്ട് നല്‍കുന്ന നോണ്‍-ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റുകളാണ്.
യഥാര്‍ത്ഥത്തില്‍ ഔദ്യോഗിക കാര്യങ്ങളെ കുറിച്ച് രഹസ്യം പാലിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണെങ്കിലും ഇത് ഉപയോഗിച്ചാണ് ഇരകളെ പല സ്ഥാപനങ്ങളും നിശബ്ദരാക്കുന്നത്. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ഹാര്‍വി വെയിന്‍സ്റ്റെയിന്‍ ഉള്‍പ്പെടെയുള്ളവര്‍ എഗ്രിമെന്റുകളുടെ ബലത്തിലാണ് ജീവനക്കാരെ പീഡനങ്ങള്‍ക്ക് ഇരകളാക്കിയ ശേഷം ഇത് പുറത്തുപറയുന്നതില്‍ നിന്നും തടഞ്ഞത്.
എന്നാല്‍ തൊഴിലിടങ്ങള്‍ ജീവനക്കാര്‍ക്ക് സുരക്ഷിതമായ ഇടങ്ങളാകണമെന്ന് തിരിച്ചറിഞ്ഞ് ഇരകള്‍ നിശബ്ദമായി സഹിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് തടയിടാന്‍ ഗവണ്‍മെന്റ് പുതിയ നീക്കം നടത്തുകയാണ്. നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഈ പീഡനം അവസാനിപ്പിക്കാനാണ് ഗവണ്‍മെന്റ് ഒരുങ്ങുന്നത്.
പീഡനങ്ങളും, വിവേചനവും നേരിട്ട ജീവനക്കാര്‍ക്ക് ഇത് നിശബ്ദം സഹിക്കേണ്ടി വരുന്നതിന് പിന്നിലെ പ്രധാന കാരണം എന്‍ഡിഎകളാണ്. എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്ലില്‍ എന്‍ഡിഎകള്‍ നിയമവിരുദ്ധമാക്കാനുള്ള സെക്ഷന്‍ കൂടി ഉള്‍പ്പെടുത്താനാണ് ലേബര്‍ നിര്‍ദ്ദേശം. ഇതുവഴി ജീവനക്കാര്‍ക്ക് തങ്ങള്‍ നേരിട്ട അപമാനങ്ങള്‍ തുറന്നുപറയാന്‍ വഴിയൊരുങ്ങും.