ഭരണത്തിലേറി ഒരു വര്‍ഷം തികഞ്ഞപ്പോഴേക്കും കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റിന്റെ ജനപ്രീതി ഇടിഞ്ഞുതാണ നിലയിലാണ്. ലേബര്‍ വിമതര്‍ ഗവണ്‍മെന്റിന്റെ പദ്ധതികള്‍ അട്ടിമറിക്കുകയും, ചാന്‍സലര്‍ കോമണ്‍സില്‍ കരയുകയും ചെയ്ത അവസ്ഥയിലാണ് ജനപ്രീതി താഴ്ന്നത്. ഇതിനിടെ ധനികര്‍ക്ക് മേല്‍ നികുതി ചുമത്തി കണക്കുപുസ്തകം ബാലന്‍സ് ചെയ്യാനുള്ള ശ്രമത്തിലാണ് ചാന്‍സലര്‍.
എന്നാല്‍ ഇതിനായി ശ്രമിച്ചാല്‍ ബ്രിട്ടനില്‍ നിന്നും നിക്ഷേപകരെ ആട്ടിപ്പായിക്കുന്നത് പോലെയാകും കാര്യങ്ങളെന്നാണ് റേച്ചല്‍ റീവ്‌സിന് നല്‍കുന്ന മുന്നറിയിപ്പ്. 30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മിയാണ് ട്രഷറി നേരിടുന്നത്. ഇൗ കുറവ് പരിഹരിക്കാന്‍ ഏതെല്ലാം നികുതികള്‍ ചുമത്തണമെന്ന ആലോചനയിലാണ് ചാന്‍സലര്‍.
ഈ നീക്കം സംരംഭകര്‍ക്ക് എതിരായി മാറുമോയെന്ന ആശങ്കയാണ് ലേബറിനുള്ളില്‍ തന്നെ പടരുന്നത്. നികുതി ചുമത്തുന്ന വിഷയത്തില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ നിന്നും മന്ത്രിമാര്‍ ഒഴിഞ്ഞ് മാറുകയാണ്. റീവ്‌സാകട്ടെ മറ്റ് വഴികളില്ലെന്ന് സൂചന നല്‍കുന്നുമുണ്ട്.
അതേസമയം സംരംഭകര്‍ക്ക് മേല്‍ നികുതി ചുമത്തിയ സ്‌പെയിനിന്റെ അവസ്ഥയെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് നികുതി വിദഗ്ധരും, സാമ്പത്തിക വിദഗ്ധരും. ലേബറിനെ പിന്തുണച്ച ബിസിനസ്സുകാര്‍ പോലും വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്‍കംടാക്‌സ്, എംപ്ലോയീ നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ വര്‍ദ്ധിപ്പിക്കില്ലെന്ന് വ്യക്തമാക്കിയതിനാല്‍ മറ്റ് വഴികള്‍ തേടുമെന്ന് ഉറപ്പായിട്ടുണ്ട്.
യൂഗോവ് നടത്തിയ സര്‍വ്വെയില്‍ കേവലം 13 ശതമാനം വോട്ടര്‍മാരാണ് ഭരണത്തിന് അംഗീകാരം നല്‍കിയത്. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 67 ശതമാനം പേരും ഭരണത്തെ നെഗറ്റീവായാണ് കാണുന്നത്.