പീറ്റര്‍ബൊറോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്റര്‍ പീറ്റര്‍ബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ മലയാളം ക്ലാസുകള്‍ ആരംഭിച്ചു. ഈ വേനലവധിക്കാലത്ത് യു കെയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം അക്ഷരങ്ങള്‍ പഠിക്കാന്‍ ഒരു ചുവട് വെയ്പ്പ് എന്ന നൂതന ആശയമാണ് ഈ വലിയ പദ്ധതിയുടെ അടിസ്ഥാനം.
തിങ്കളാഴ്ച പീറ്റര്‍ബൊറോയിലെ സെന്റ. മേരീസ് എഡ്യൂക്കേഷണല്‍ അക്കാദമി ഹാളില്‍ വച്ച് നടന്ന ആദ്യ ക്ലാസ്സ് കെ പി സി സി ജനറല്‍ സെക്രട്ടറിയും കെ പി സി സിയുടെ പബ്ലിക്കഷന്‍ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ അഡ്വ. പഴകുളം മധു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസ്സ് മുതല്‍ എ ലെവല്‍ വരെയുള്ള 21 വിദ്യാര്‍ത്ഥികള്‍ ആദ്യ ദിന ക്ലാസില്‍ പങ്കെടുത്തു. ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് & നാഷണല്‍ അഫേഴ്‌സ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, യു കെയിലെ പ്രമുഖ മലയാളി സാഹിത്യകാരനും ലോക റെക്കോര്‍ഡ് ജേതാവുമായ കരൂര്‍ സോമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഉദ്ഘാടന ചടങ്ങില്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി സൈമണ്‍ ചെറിയാന്‍ സ്വാഗതം ആശംസിച്ചു. യൂണിറ്റ് ട്രഷറര്‍ ദിനു എബ്രഹാം കൃതജ്ഞത അര്‍പ്പിച്ചു. ചടങ്ങുകള്‍ക്ക് സിബി അറയ്ക്കല്‍, അനൂജ് മാത്യൂ തോമസ്, ജോബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
സെന്റ. മേരീസ് എഡ്യൂക്കേഷണല്‍ അക്കാദമി ഡയറക്ടര്‍ സോജു തോമസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദരായ അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. മലയാള ഭാഷയുടെ അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ അക്ഷരമാല പൂര്‍ണ്ണമായും ശാസ്ത്രീയമായി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന രീതിയിലാണ് കോഴ്‌സുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.
മൂന്നാം ക്ലാസ്സ് മുതല്‍ എ ലെവല്‍ വരെയുള്ള മലയാളം പഠിക്കാന്‍ തല്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടും. പത്തു ദിന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീട് പ്രത്യേകമായി ഒരുക്കുന്ന ചടങ്ങില്‍ വച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
റോമി കുര്യാക്കോസ്