
















'യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ ദേശീയ നേതൃത്വം. ഭാഷ, ആരോഗ്യ പ്രവര്‍ത്തനം, ബിസിനസ്സ്, കായികം, കല എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചതിനോടൊപ്പം തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ യുകെ മലയാളി സമൂഹത്തിന് നല്‍കി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു. നവംബര്‍ 22 ശനിയാഴ്ച പ്രിസ്റ്റണ്‍ പാര്‍ക്ക് ഹാള്‍ ഹോട്ടല്‍ & സ്പായില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
ശ്രീ. സി.എ. ജോസഫ് - മലയാളഭാഷാ സ്നേഹി പുരസ്‌കാരം, ശ്രീ. സാജന്‍ സത്യന്‍ - നഴ്സിംഗ് ലീഡര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ്, ശ്രീ. സൈമണ്‍ വര്‍ഗ്ഗീസ് - വിഷനറി എന്റര്‍പ്രേണര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, ശ്രീ. അഭിഷേക് അലക്‌സ് - കായിക പ്രതിഭ പുരസ്‌കാരം, ശ്രീമതി. മന്‍ജു സുനില്‍ - നൃത്യരത്ന പുരസ്‌കാരം എന്നിവരാണ് 'യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌കാര ജേതാക്കള്‍.
സി. എ. ജോസഫ്.
യുക്മയുടെ രൂപീകരണം മുതല്‍ സംഘടനയില്‍ ഉറച്ചു നിന്ന ഒരു സഹയാത്രികനായ സി എ ജോസഫ് യുക്മ സാംസ്‌കാരിക വേദിയുടെ കലാ വിഭാഗം കണ്‍വീനര്‍, ജനറല്‍ കണ്‍വീനര്‍, വൈസ് ചെയര്‍മാന്‍, രക്ഷാധികാരി, 'ജ്വാല' മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിരുന്നു.
യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ചിട്ടുള്ള സാഹിത്യമത്സരങ്ങള്‍, ചിത്രരചന മത്സരങ്ങള്‍, സ്റ്റാര്‍ സിംഗര്‍ മത്സരങ്ങള്‍ എന്നിവയുടെയെല്ലാം വിജയത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
യുക്മയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള കേരള പൂരം-വള്ളംകളി മത്സരങ്ങളുടെ റണ്ണിംഗ് കമന്ററി ടീമിലെ അംഗമെന്ന നിലയില്‍ മികവാര്‍ന്ന പങ്കാളിത്തം വഹിച്ചിട്ടുണ്ട് . യുക്മ സംഘടിപ്പിച്ചിട്ടുള്ള 16 കലാമേളകളിലും വിവിധ റീജണുകളിലും ദേശീയതലത്തിലും നടത്തിയ മത്സരങ്ങളില്‍ വിധികര്‍ത്താവായും പങ്കെടുത്തിട്ടുണ്ട്.
കോവിഡിന്റെ ഫലമായുണ്ടായ ലോക്ഡൗണ്‍ കാലയളവില്‍ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് നാല് മാസത്തോളം നീണ്ടുനിന്ന, ഏവരുടെയും പ്രശംസ നേടിയ, യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച 'Let's Break It Together' എന്ന സംഗീത പരിപാടിയുടെ മുഖ്യ ചുമതലയും വഹിച്ചിരുന്നു.
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രോഗ്രാം കോഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുള്ള സി എ ജോസഫ് യുകെയിലെ കലാ സാംസ്‌കാരിക സാമൂഹീക രംഗത്ത് ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്നു. യുകെയില്‍ നിന്നുമുള്ള ലോക കേരളസഭാംഗമായും കേരള ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.
മികച്ച അഭിനേതാവ്, സംഘാടകന്‍, വാഗ്മി എന്നീ നിലകളിലും അറിയപ്പെടുന്ന സി എ ജോസഫ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് എന്ന നിലയിലുള്ള 2021 ലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള ഗവണ്‍മെന്റിന്റെ പ്രഥമ കണിക്കൊന്ന പുരസ്‌കാരം മലയാളം മിഷന്‍ യുകെ ചാപ്റ്ററിന് ലഭിച്ചത്.
യുകെ മലയാളികളുടെ ഇടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട 'സമ്മര്‍ ഇന്‍ ബ്രിട്ടന്‍' 'ഓര്‍മ്മകളില്‍ സെലിന്‍' എന്നീ ഷോര്‍ട്ട് മൂവികളിലും 'ഒരു ബിലാത്തി പ്രണയം' എന്ന ഫുള്‍ മൂവിയിലും അടുത്ത നാളില്‍ യുകെയില്‍ അവതരിപ്പിച്ച 'വെളിച്ചം'എന്ന നാടകത്തിലും ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള സി എ ജോസഫ് യുകെ മലയാളികളുടേതായി പുറത്തിറങ്ങിയ ഏതാനും സംഗീത ആല്‍ബങ്ങള്‍ക്ക് ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്.
കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയനില്‍ നിന്ന് എച്ച് ഡി സിയും കരസ്ഥമാക്കിയിട്ടുണ്ട്. നാട്ടില്‍ അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചിരുന്നു. ബാങ്ക് ഉദ്യോഗസ്ഥന്‍ ആയിരിക്കെ ലീവെടുത്ത് സൗദി അറേബ്യയിലെത്തി.15 വര്‍ഷം അവിടെ ജോലി ചെയ്തിരുന്നു. സൗദിയിലും കലാ സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്നു. സൗദിയിലെ കമ്മീസ്മുഷയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു.
സ്‌കൂള്‍-കോളേജ് പഠനകാലത്ത് കലാ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ അമയന്നൂര്‍ സ്വദേശിയായ സി എ ജോസഫ് 20 വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ഇപ്പോള്‍ ബേസിംഗ്സ്റ്റോക്കില്‍ കുടുംബസമേതം താമസിക്കുന്നു. ഭാര്യ: അല്‍ഫോന്‍സാ, മക്കള്‍: ജോയല്‍, ജെസ്വിന്‍.
സാജന്‍ സത്യന്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലൂടെ ബിഎസ്സ്‌സി നഴ്‌സിംഗ് 1994 - 98 ബാച്ചില്‍ പൂര്‍ത്തിയാക്കിയ സാജന്‍ സത്യന്‍ തുടര്‍ന്ന് മംഗലാപുരം നിറ്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയന്‍സില്‍ നഴ്‌സിംഗ് ട്യൂട്ടറായി സേവനം അനുഷ്ടിച്ചു. തുടര്‍ന്ന് 2003-ല്‍ യുകെയില്‍ ബൂപയില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ചു. 2005 മുതല്‍ എന്‍ എച്ച് എസ്സില്‍ ജോലി ചെയ്ത് വരുന്ന സാജന്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ഉള്‍പ്പടെ വിവിധ മേഖലകളില്‍ വിവിധ പദവികളില്‍ സേവനമനുഷ്ടിച്ചു. മിഡ്‌ലാന്‍ഡ്‌സ് മെട്രോപ്പൊലിറ്റന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഡയറക്ടര്‍ ഓഫ് അഡ്വാന്‍സ് നഴ്‌സിംഗ് പ്രാക്ടീസ് ആയിരുന്നു. 2003 മുതല്‍ എയര്‍ഡെയ്ല്‍ എന്‍.എച്ച്.എസ്സ് ഫൌണ്ടേഷന്‍ ട്രസ്റ്റില്‍ ഡെപ്യൂട്ടി ചീഫ് നഴ്സാണ് സാജന്‍. ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സിംഗ് ഓഫീസറുടെ എത്‌നിക് മൈനോറിറ്റി അഡൈ്വസറി കോളാബോറേറ്റിവ് ലും NMC യുടെ EDI സ്ട്രാറ്റജിക് അഡൈ്വസ് ഗ്രൂപ്പിലും അംഗമാണ് സാജന്‍ സത്യന്‍.
ഹെല്‍ത്ത് സര്‍വ്വീസ് ജേണല്‍ (HSJ) തയ്യാറാക്കിയ, യുകെയിലെ ആരോഗ്യ മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള 50 കറുത്തവര്‍ഗ്ഗക്കാര്‍, ഏഷ്യന്‍സ്, ന്യൂനപക്ഷ വിഭാഗക്കാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ആദ്യത്തെ മലയാളി ആണ് സാജന്‍.
യുക്മയുടെ ആരംഭകാലം മുതല്‍ സഹയാത്രികനായ സാജന്‍ സത്യന്റെ അഭിമാനകരമായ നേട്ടത്തില്‍ യുക്മ കുടുംബമൊന്നാകെ ആഹ്ളാദത്തിലാണ്. 2019 - 2022 കാലഘട്ടത്തില്‍ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാനം വഹിച്ച സാജന്‍ 2022 - 2025 കാലയളവില്‍ യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയണില്‍ നിന്നുള്ള ദേശീയ സമിതിയംഗമായും പ്രവര്‍ത്തിച്ചു. യുക്മ നഴ്സസ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍, നാഷണല്‍ അഡൈ്വസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുകെയിലെ നഴ്സിംഗ് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തുന്ന സാജന്‍ അവയ്ക്ക് സാദ്ധ്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനും നടപ്പിലാക്കുവാനും മുന്‍നിരയിലുണ്ട്.
അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസ് (ASKeN) എന്ന യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലെ സീനിയര്‍ നഴ്‌സുമാരുടെ സംഘടനയുടെ സ്ഥാപക നേതാവായ സാജന്‍ സത്യനോടൊപ്പം യുകെ ഇമിഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് പ്രസിഡന്റ് മുംതാസ് പട്ടേല്‍, ലോര്‍ഡ് ഡാര്‍സി , പൌളറ്റ് ഹാമില്‍ട്ടന്‍ എം. പി. തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് സാജന്‍ ഇടം നേടിയത് . യുകെയിലേക്ക് പുതിയതായി എത്തുന്ന നഴ്‌സുമാര്‍ക്ക് പിന്തുണ നല്‍കുവാനും ഇവിടെയുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കുവാനും വേണ്ടിയാണ് സാജന്‍ സത്യന്‍ ASKeN സ്ഥാപിച്ചത്. എന്‍ എച്ച് എസ്, അക്കാദമിക, ഗവേഷണ മേഖലകളിലെ ഉയര്‍ന്ന തസ്തികകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവായതിനാല്‍ കരിയറില്‍ മുന്നോട്ട് വരുന്നവര്‍ക്ക് മാതൃകയാക്കാന്‍ ആളില്ലാത്ത അവസ്ഥ ASKeN ന്റെ പ്രധാന ശ്രദ്ധാവിഷയമാണ്.
എന്‍.എച്ച്. എസ്സില്‍ 2005 മുതല്‍ സേവനമനുഷ്ഠിക്കുന്ന സാജന്‍ അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷണര്‍, ലീഡ് അഡ്വാന്‍സ്ഡ് ക്‌ളിനിക്കല്‍ പ്രാക്ടീഷണര്‍, ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടില്‍ റീജിയണല്‍ ലീഡ് ഉള്‍പ്പടെ വിവിധ ചുമതലകള്‍ വഹിച്ച ശേഷമാണ് എയര്‍ഡെയ്ല്‍ എന്‍.എച്ച്.എസ്സ് ഫൌണ്ടേഷന്‍ ട്രസ്റ്റില്‍ ഡെപ്യൂട്ടി ചീഫ് നഴ്സായി ചുമതലയേറ്റത്.
സാജന്റെ ഭാര്യ അനൂപ സാജന്‍ ഡബ്ലിനില്‍ രജിസ്റ്റേര്‍ഡ് നഴ്‌സാണ്. എ ലെവല്‍ വിദ്യാര്‍ത്ഥിനിയായ നിയാ സാജന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിലന്‍ സാജന്‍ എന്നിവര്‍ മക്കളാണ്. ലീഡ്‌സിന് സമീപം വെക്ഫീല്‍സിലാണ് സാജന്‍ കുടുംബ സമേതം താമസിക്കുന്നത്.
സൈമണ്‍ വര്‍ഗ്ഗീസ്.
ഫസ്റ്റ്കോള്‍ 247 ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍, വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഉറച്ച മനസ്സിന്റെയും നേതൃപാടവത്തിന്റെയും അതുല്യ ഉദാഹരണമായ വ്യക്തി.
സൈമന്റെ ജീവിതയാത്ര കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ആരംഭിച്ചത്. 2010-ല്‍ അദ്ദേഹം വലിയ സ്വപ്നങ്ങളോടും ശക്തമായ തൊഴില്‍നൈതികതയോടും കൂടിയാണ് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് എത്തിയത്. ഇന്‍ഷുറന്‍സ് മേഖലയും കെയര്‍ മേഖലയുമെല്ലാമടങ്ങുന്ന വിവിധ പ്രവര്‍ത്തന മേഖലകളില്‍ അദ്ദേഹം അനുഭവം സമ്പാദിച്ചു - എന്നാല്‍ ബിസിനസിനോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തെ ഒരു ഉയര്‍ന്ന ലക്ഷ്യത്തിലേക്ക് നയിച്ചത്.
2018-ല്‍, സൈമണ്‍ ഫസ്റ്റ്കോള്‍ 247 ലിമിറ്റഡ് സ്ഥാപിച്ചു; വിശ്വാസ്യതയുള്ള സ്റ്റാഫിംഗ് സൊല്യൂഷനുകള്‍ നല്‍കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച ഒരു നഴ്‌സിംഗ് ഏജന്‍സിയായാണ് ഇത് ആരംഭിച്ചത്. ഗുണമേന്മയോടും നവീകരണത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയിലൂടെ, ഈ സ്ഥാപനം വളരെ വേഗത്തില്‍ വളര്‍ന്നു, ഇപ്പോള്‍ യുകെയിലുടനീളം 26 ശാഖകളിലൂടെ പ്രവര്‍ത്തിക്കുന്നു; 1,000-ത്തിലധികം ക്ലയന്റുകളുമായി ചേര്‍ന്ന് മികച്ച സ്റ്റാഫിംഗ്-കെയര്‍ സേവനങ്ങള്‍ നല്‍കുന്നു.
2022-ല്‍, സൈമണ്‍ സ്ഥാപനത്തെ ഹോം കെയര്‍ മേഖലയിലേക്ക് വിപുലീകരിച്ചു, ആളുകള്‍ക്ക് സ്വന്തം വീടുകളില്‍ തന്നെയുള്ള ആശ്വാസകരമായ വ്യക്തിഗത പരിചരണസഹായം ലഭ്യമാക്കാന്‍ ഇതുവഴി സാധിച്ചു. ഇന്ന് ഫസ്റ്റ്കോള്‍ 247 പ്രധാനമായും മിഡ്ലാന്‍ഡ്‌സ് മേഖലയിലാകെ 8 കൗണ്ടി കൗണ്‍സിലുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു; അടുത്ത കാലത്ത് ഇത് 6 കൗണ്‍സിലുകളുമായി കൂടി സഹകരിക്കാനുള്ള പദ്ധതികളുമുണ്ട്.
സ്ഥാപനത്തിന്റെ ഉന്നതമായ ഗുണമേന്‍മ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 2024-ല്‍ ഫസ്റ്റ്കോള്‍ 247 പ്രശസ്തമായ ISO 9001 സര്‍ട്ടിഫിക്കേഷന്‍ നേടി, 2025-ല്‍ ഹോംകെയര്‍ അവാര്‍ഡുകള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതും സ്ഥാപനത്തിന്റെ ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന പ്രതിബദ്ധതയുടെ തെളിവാണ്.
സൈമന്റെ നേതൃത്യത്തില്‍, ഫസ്റ്റ്കോള്‍ 247 ഒരു വ്യക്തവും ശക്തവുമായ ദൗത്യമാണ് പിന്തുടരുന്നത്: സ്ഥിരതയാര്‍ന്നതും കാരുണ്യപൂര്‍വവുമായതും പ്രൊഫഷണല്‍ സ്വഭാവമുള്ളതുമായ പരിചരണം - ദിവസത്തില്‍ 24 മണിക്കൂര്‍, ആഴ്ചയില്‍ 7 ദിവസം - നല്‍കുകയും പരിചരണം ആവശ്യമായിടത്ത് യഥാര്‍ത്ഥ മാറ്റമുണ്ടാക്കുകയും ചെയ്യുക.
അഭിഷേക് അലക്‌സ്.
മാഞ്ചസ്റ്റര്‍ സ്വദേശിയായ അഭിഷേക് അലക്‌സ് ഹള്‍ യോര്‍ക്ക് മെഡിക്കല്‍ സ്‌കൂളിലെ ഫൈനല്‍ ഇയര്‍ മെഡിക്കല്‍ സ്റ്റുഡന്റ് ആണ്. 2018-ല്‍ ജി സി എസ് ഇ പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും (11 വിഷയങ്ങള്‍) 9ഗ്രേഡ് നേടി. യുകെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ A ഗ്രേഡുകളില്‍ നിന്ന് 9 ഗ്രേഡിലേക്ക് മാറി വര്‍ഷം യുകെയിലാകമാനം നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രസ്തുത ഗ്രേഡ് നേടാനായതെന്നത് അഭിമാനാര്‍ഹമായ നേട്ടമായിരുന്നു. തുടര്‍ന്ന് എ ലെവല്‍ പരീക്ഷയില്‍ നാല് വിഷയങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കി മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. മെഡിക്കല്‍ വിദ്യാഭ്യാസത്തിനിടയില്‍ കബഡി കളിയില്‍ പ്രാഗത്ഭ്യം നേടിയ അഭിഷേക് 2025-ല്‍ ബ്രിട്ടന്‍ ആതിഥേയത്വം വഹിച്ച കബഡി വേള്‍ഡ് കപ്പില്‍ വെയില്‍സ് ടീമിനെ പ്രതിനിധീകരിച്ചു. തുടര്‍ന്ന് ഇറ്റലിയില്‍ നടന്ന ആറ് രാഷ്ട്രങ്ങള്‍ പങ്കെടുത്ത യൂറോപ്യന്‍ കബഡി ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ടീമിനെ പ്രതിനിധീകരിച്ചു, ടീം ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. പാട്യപാട്യേതര മേഖലകളില്‍ മികവ് തെളിയിച്ച അഭിഷേക് മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയാണ്. യുക്മയുടെ നാഷണല്‍ ഇവന്റുകള്‍ക്കും ഇന്റര്‍ യൂണിവേഴ്‌സിറ്റി ഇവന്റുകള്‍ക്കും തുടങ്ങി മറ്റ് പ്രധാന പരിപാടികളുടെയും ഫോട്ടോകള്‍ ഒപ്പിയെടുക്കുന്നതില്‍ സജീവ സാന്നിധ്യമാണ് അഭിഷേക്. 'അഭിഷേക് അലക്‌സ്' ഫോട്ടോഗ്രാഫി എന്ന പേരില്‍ ഫോട്ടോഗ്രാഫിയും ചെയ്ത് വരുന്നു.
യുക്മ മുന്‍ ജനറല്‍ സെക്രട്ടറിയും, നിലവിലെ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ അലക്‌സ് വര്‍ഗീസിന്റേയും, വിഥിന്‍ഷോ ഹോസ്പിറ്റലില്‍ ലംങ് കാന്‍സര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്‌പെഷ്യലിസ്റ്റ് നഴ്‌സായ ബെറ്റിമോള്‍ അലക്‌സിന്റെയും മകനാണ് അഭിഷേക് അലക്‌സ്. മൂത്ത സഹോദരി അനേഖ അലക്‌സ് മാഞ്ചസ്റ്റര്‍
ബാങ്ക് ഓഫ് ന്യൂയോര്‍ക്കില്‍ അസോസിയേറ്റ് അനലിസ്റ്റായി ജോലി ചെയ്യുന്നു. ഇളയ സഹോദരി എഡ്രിയേല്‍ അലക്‌സ് ഓള്‍ട്രിംങ്ങ്ഹാം ലൊറേറ്റോ ഗ്രാമര്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
മഞ്ജു സുനില്‍.
അഞ്ചാം വയസു മുതല്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയ മഞ്ജു സുനില്‍ ഉദയ ലക്ഷ്മണന്‍, കലാമണ്ഡലം ലീലമണി ടീച്ചര്‍, കലൈമാമണി കെ കൃഷ്ണരാജു, ഗുരു മീനാകുറുപ്പ് തുടങ്ങിയവരില്‍ നിന്ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയവ അഭ്യസിച്ചു. നൃത്തത്തിനു പുറമെ കഥാപ്രസംഗം, മോണോആക്ട്, പ്രസംഗം, നാടകം, ചാക്യാര്‍കൂത്ത് തുടങ്ങിയ കലകളിലും മികവ് തെളിയിച്ചു. നീലേശ്വരം ശശീന്ദ്രന്‍, KN കീപ്പേരി, ഗുരു പൈങ്കുളം നാരായണ ചാക്യാര്‍ തുടങ്ങിയ ഗുരുക്കന്മാരുടെ കീഴില്‍ ആയിരുന്നു അഭ്യസനം.
ഒന്നിലധികം തവണ കേരള യുവജനോത്സവ വേദികളില്‍ താരമായി മാറിയ മഞ്ജു നൃത്തത്തോടുള്ള അഭിനിവേശം കാരണം സ്‌കൂള്‍ കാലം തൊട്ട് തന്നെ നൃത്ത സംവിധാനവും ആരംഭിച്ചു. 2015 മുതല്‍ യുകെയിലെ ശ്രദ്ധേയമായ പല വേദികളിലും നൃത്തം അവതരിപ്പിച്ചു തുടങ്ങി. 2018 ഇല്‍ യുക്മയുടെ നേതൃത്വത്തില്‍ നടന്ന ' വേണുഗീതം ' പരിപാടിയില്‍ മഞ്ജുവും സംഘവും ഗായകന്‍ ശ്രീ G വേണുഗോപാലിന്റെ പാട്ടിനൊപ്പം വേദിയില്‍ ചുവട് വെച്ചു. 2018 ഇല്‍ Sanskruti centre for Cultural Excellence ന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ 'നവദുര്‍ഗ ' എന്ന പ്രൊജക്റ്റ് ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടു. യുകെയില്‍ ആദ്യമായി ഒന്‍പതു ദുര്‍ഗ രൂപങ്ങള്‍ വിവിധ ഭാരതീയ നൃത്തരൂപങ്ങളില്‍ അവതരിപ്പിച്ചപ്പോള്‍ മോഹിനിയാട്ടം വേദിയില്‍ എത്തിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് മഞ്ജു ആയിരുന്നു. തുടര്‍ന്ന് World Tourism Mart, Indian High commission സംഘടിപ്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷം എന്നിവയിലും മഞ്ജു പങ്കെടുത്തു.
2018 ഇല്‍ പാര്‍ലിമെന്റില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന 'ഗീതാജയന്തി'യിലും മോഹിനിയാട്ടം അവതരിപ്പിച്ചു. വിവിധ കൌണ്‍സില്‍ മേയര്‍മാര്‍ മുതല്‍ ലണ്ടന്‍ ലോര്‍ഡ് മേയര്‍ ആഥിത്യമരുളിയ ദീപാവലി ആഘോഷത്തില്‍ വരെ ഒന്നിലധികം തവണ മഞ്ജു ഇന്ത്യന്‍ ക്ലാസ്സിക്കല്‍ നൃത്തവുമായി എത്തി.
നര്‍ത്തകി ആയുള്ള യാത്രക്കിടെ ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന NGO ആയ Sanskruti centre for Cultural Excellence ന്റെ ട്രസ്റ്റീകളില്‍ ഒരാളാകാനുള്ള അപൂര്‍വ ഭാഗ്യവും മഞ്ജുവിനു ലഭിച്ചു. തുടര്‍ന്ന് സംസ്‌കൃതി സംഘടിപ്പിച്ച എല്ലാ പരിപാടികളിലും നര്‍ത്തകി ആയും സംഘടക ആയും മഞ്ജു സാന്നിധ്യം അറിയിച്ചു. ഈ പരിപാടികളില്‍ മിക്കവയും യുകെ പാര്‍ലിമെന്റ് ന്റെ ഹൗസ് of ലോര്‍ഡ്‌സ് ലും നെഹ്റു സെന്ററിലും ഭവന്‍ ലണ്ടനിലും ആയാണ് അവതരിപ്പിക്കപ്പെട്ടത് എന്ന അപൂര്‍വതയും മഞ്ജുവിനുണ്ട്. world Water day, National Heritage Day ( UK Parliament ), National Handloom day( Indian Highcommision London), Hampi fest ( British Library ) Indra Dhanusya, Asadi ki Amrit Mahotsav ( Nehru Centre ), India conclave Bhavan, Yathra - bhavan തുടങ്ങിയ പരിപാടികളില്‍ സംഘടക ആയും നര്‍ത്തകി ആയും മഞ്ജു തിളങ്ങി. പതിനഞ്ചോളം പരിപാടികളുടെ ഭാഗമായി മഞ്ജു യുകെ പാര്‍ലിമെന്റില്‍ എത്തി.
ഇതിനിടയില്‍ അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മികച്ച മാര്‍ക്കോടെ ഭരത നാട്യത്തില്‍ മാസ്റ്റര്‍ of Fine ആര്‍ട്‌സ് പാസ്സായി. സപ്തതാണ്ഡവം, ആദ്യപൂജ്യ, മാതൃദേവോ ഭവ തുടങ്ങിയ അപൂര്‍വങ്ങളായ റിസര്‍ച്ച് പ്രൊജക്റ്റ് കളുടെയും ഭാഗമായി. 2018 മുതല്‍ യുക്മാ നാഷണല്‍ കലമേളയുടെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങി. യുക്മ സംഘടിപ്പിച്ച പല പരിപാടികളിലും നര്‍ത്തകി ആയും മഞ്ജു എത്തി.
2025 ഒക്ടോബര്‍ 4 നു റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നടന്ന Diwali @Royal Albert Hall എന്ന പരിപാടിയില്‍ ട്രൈബല്‍ നൃത്തം അവതരിപ്പിച്ചു.
കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ലാസ്യ രസ സ്‌കൂള്‍ of ഡാന്‍സ് എന്ന നൃത്ത വിദ്യാലയത്തിന്റെ സാരഥി ആയും മഞ്ജു പ്രവര്‍ത്തിക്കുന്നു. മഞ്ജുവിന്റെ ശിക്ഷണത്തില്‍ യുകെയിലെ പല വേദികളിലും ശിഷ്യകള്‍ ഡാന്‍സ് അവതരിപ്പിക്കുന്നു.
ഇപ്പോള്‍ വിദുഷി ജനനി സേതു വിന്റെ കീഴില്‍ ഭരതനാട്യത്തിലും ഗുരു ജയപ്രഭ മേനോന്‍ ന്റെ ശിക്ഷണത്തില്‍ മോഹിനിയാട്ടത്തിലും ഉപരിപഠനം നടത്തുന്നു. കൂടാതെ യുകെ പാര്‍ലിമെന്റ് ഇല്‍ നടന്ന വേള്‍ഡ് ലാംഗ്വേജ് ഡേ ആഘോഷത്തില്‍ മലയാളത്തില്‍ സ്വന്തമായി രചിച്ച കവിത ഒന്നിലധികം തവണ അവതരിപ്പിക്കാനും സാധിച്ചു. അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി ക്ക് ആദരാജ്ഞലികള്‍ നേരാന്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ 'അശ്രുപൂജ' യിലും മഞ്ജു മലയാളത്തില്‍ കവിത രചിച്ചു അവതരിപ്പിച്ചു. ലണ്ടന്‍ കലാഭവന്‍ കോവിഡ് സമയത്ത് സംഘടിപ്പിച്ച ധ്വനി, ഓണാഘോഷം തുടങ്ങിയ virtual നൃത്തവേദികളിലും മഞ്ജു പങ്കാളി ആയി. Malayali Aossciation of Reading - MARC ന്റെ ഭാരവാഹി ആയും മഞ്ജു പ്രവര്‍ത്തിച്ചുണ്ട്.
പുരസ്‌കാരദാന ചടങ്ങുകളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ്മാരായ വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍ എന്നിവര്‍ അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:
PARK HALL RESORT & SPA,
PARK HALL ROAD,
CHARNOCK RICHARD
PRESTON, PR7 5LP.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)