CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 43 Seconds Ago
Breaking Now

ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍ പ്രതീക്ഷാനിര്‍ഭരമായി; പാര്‍ലിമെന്റ് ലോബ്ബിങ്ങിന് വാഗ്ദാനമേകി കേംബ്രിഡ്ജ് എംപി.

മാഞ്ചസ്റ്റര്‍: യുകെയിലെ ഐഎല്‍ആര്‍ / സ്ഥിരതാമസ യോഗ്യതയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വലിയ മാറ്റങ്ങള്‍, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ള മലയാളികളുള്‍പ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തില്‍ ഐ ഓ സി (യുകെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്‌സ് ഏരിയയുടെ ആഭിമുഖ്യത്തില്‍ വന്‍ ജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച   അടിയന്തര ഓണ്‍ലൈന്‍ 'സൂം' സെമിനാര്‍ സ്വീകാര്യവും, വിജയകരവും, പ്രതീക്ഷാനിര്‍ഭരവുമായി.

കേംബ്രിഡ്ജ് എംപിയും,മുന്‍ മന്ത്രിയുമായ ഡാനിയേല്‍ സെയ്ക്നര്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നിയമ ഉപദേഷ്ടാവും, കേംബ്രിഡ്ജ് മുന്‍ മേയറുമായ  സോളിസിറ്റര്‍ അഡ്വക്കേറ്റ് കൗണ്‍സിലര്‍  ബൈജു തിട്ടാല, ഫ്യൂച്ചര്‍ ഗവേണന്‍സ് ഫോറത്തിലെ (അസൈലം & മൈഗ്രേഷന്‍) സീനിയര്‍ പോളിസി അസോസിയേറ്റ് കമ്മീഷണര്‍ ബെത്ത് ഗാര്‍ഡിനര്‍-സ്മിത്ത് എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത്  വ്യക്തവും, വിദ്ഗദവുമായി സെഷന്‍  നയിച്ചു.  നൂറ്റമ്പതോളം പേര്‍  പങ്കുചേര്‍ന്ന സെമിനാറില്‍ പുതിയ കുടിയേറ്റ നിയമ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട വിവിധ നിയമ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി ഏറെ വ്യക്തവും, പ്രത്യാശപകരുന്നതുമായ     ചോദ്യോത്തര സെഷനാണു നടന്നത്.

വിഷയത്തിന്റെ ഗൗരവവും, ആശങ്കകളും  മനസ്സിലാക്കുന്നുവെന്നും,  പുതിയ  ഐഎല്‍ആര്‍ നയ നിര്‍ദ്ദേശങ്ങളെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍  അതീവ ഗൗരവമായിത്തന്നെ, പാര്‍ലിമെന്റില്‍ അവതരിപ്പിക്കുവാനും, എംപി മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുവാനും,  കേംബ്രിഡ്ജ് എംപിയും മുന്‍ ക്യാബിനറ്റ് മന്തിയുമായിരുന്ന ഡാനിയേല്‍ സെയ്ക്നര്‍ തന്റെ പൂര്‍ണ്ണവും ആത്മാര്‍ത്ഥവുമായ പിന്തുണ വാഗ്ദാനം നല്‍കുകയുണ്ടായി.

വിദഗ്ധ തൊഴിലാളി വിസയിലും, പങ്കാളിയുടെ വിസയിലും യു കെ യില്‍ എത്തിയിട്ടുള്ള വ്യക്തികള്‍,  പത്ത് വര്‍ഷ  പാതയിലേക്ക് നിര്‍ബന്ധിതരാകുമോ എന്ന ചോദ്യത്തിന്  ഡാനിയല്‍ സെയ്ക്നര്‍ എംപി, 'നിയമങ്ങള്‍ പാതിവഴിയില്‍ മാറ്റം വരുത്തുന്നത് അന്യായമായിരിക്കും' എന്ന് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അന്തിമമാക്കിയിട്ടില്ലെന്ന് ഊന്നിപ്പറയുന്നതിനിടയില്‍ ഇത് പ്രധാനമായും ബാധകമാകുക പുതിയതായി വരുന്നവര്‍ക്കാണെന്നും, ആളുകളെ ഇങ്ങോട്ട് ക്ഷണിക്കുകയും, അവരുടെ അവകാശ നിയമങ്ങള്‍ പാതിവഴിയില്‍ മാറ്റം വരുത്തുന്നത് അന്യായമായി ആര്‍ക്കും തോന്നുമെന്നും പറഞ്ഞു.

കുടിയേറ്റക്കാര്‍ യുകെ സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്നും സെയ്ക്നര്‍ ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് ആരോഗ്യ, സാമൂഹിക പരിചരണം, ഭക്ഷ്യ ഉല്‍പ്പാദനം തുടങ്ങിയ സുപ്രധാന മേഖലകള്‍. അമിതമായ കര്‍ക്കശമായ നിയമങ്ങള്‍ ജനങ്ങള്‍ക്കും   തൊഴിലാളികള്‍ക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എംപിമാരും, ആഭ്യന്തര സെക്രട്ടറിയുമായും  നേരിട്ട് ഈ വിഷയങ്ങള്‍ ഉന്നയിക്കുമെന്ന് അദ്ദേഹം   ഉറപ്പുനല്‍കി, ഏത് നയ മാറ്റത്തിനും നിയമം നീതി കേന്ദ്രമായി തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്യൂച്ചര്‍ ഗവേണന്‍സ് ഫോറത്തിലെ സീനിയര്‍ പോളിസി അസോസിയേറ്റ് ബെത്ത് ഗാര്‍ഡിനര്‍ സ്മിത്ത്, നിര്‍ദ്ദിഷ്ട ഐഎല്‍ആര്‍ പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദവും ആധികാരികവുമായ വിശദീകരണം നല്‍കി. പുതിയ ILR ബേസ്ലൈന്‍ 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി വര്‍ദ്ധിപ്പിക്കാന്‍ തന്നെ ഉദ്ദേശിച്ചുള്ളതാണ് എങ്കിലും കുറച്ച് വിഭാഗങ്ങളെ  ഒഴിവാക്കിയിട്ടുണ്ടത്രേ.  ആരോഗ്യ-സാമൂഹിക പരിപാലന പ്രവര്‍ത്തകര്‍ക്ക് ഈ നിര്‍ദ്ദേശത്തിന് കീഴില്‍ യോഗ്യത നേടുന്നതിന്  ദൈര്‍ഘ്യം എടുക്കും . ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് നികുതി സംഭാവനകളിലൂടെ ആവശ്യമായ വര്‍ഷങ്ങള്‍ കുറച്ചേക്കാം, അതേസമയം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ അല്ലെങ്കില്‍ ചില ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക്  അവരുടെ ടൈംലൈന്‍ 5-10 വര്‍ഷം വരെ നീട്ടിയേക്കാം. ILR നേടുന്നവര്‍ പോലും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ല, ബ്രിട്ടീഷ് പൗരന്മാര്‍ക്ക് അര്‍ഹത പരിമിതപ്പെടുത്തികൊണ്ടുള്ള  അഭൂതപൂര്‍വമായ മാറ്റം അടക്കം കൂടുതല്‍ ഗൗരവമായ നിയമ ഭേദഗതികള്‍ക്കും  സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും  ട്രാന്‍സിഷണല്‍ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ അഭിസംബോധന ചെയ്ത് ബെത്ത് വ്യക്തമാക്കി:

സെഷന്റെ അവസാനത്തില്‍,മുന്‍ നിയമ പരിഷ്‌കരണ കാമ്പെയ്നുകളില്‍ ഉണ്ടായിരുന്നതുപോലെ, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്ന വാഗ്ദാനം അദ്ദേഹം എം പി നല്‍കി. പുതിയ പ്രൊപോസല്‍ വളരെ ഗൗരവമാണെന്നും, സമ്പദ്വ്യവസ്ഥയിലും ആരോഗ്യ സേവനത്തിലും ഉണ്ടാകുന്ന ആഘാതം ഗണ്യമായിരിക്കും എന്നും ആളുകള്‍ അവരുടെ ശബ്ദം കേള്‍ക്കേണ്ടത് പ്രധാനമാണ് എന്നും ചൂണ്ടിക്കാട്ടിയ എംപി,   സമൂഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍  സന്തുഷ്ടനാണ് എന്നും ഉറപ്പു നല്‍കി. കണ്‍സള്‍ട്ടേഷന്‍ ഘട്ടത്തില്‍ തുടര്‍ച്ചയായ സംവാദത്തിന്റെയും കൂട്ടായ ഇടപെടലിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും സെയ്ക്നര്‍ നന്ദിയും അറിയിച്ചു.  

ഐഒസി യു കെ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി, റോമി കുര്യാക്കോസ് മോഡറേറ്ററായി.  ഐ ഒ സി (യുകെ) ലീഗല്‍ അഡൈ്വസര്‍ അഡ്വ.ബൈജു തിട്ടാല 'സെമിനാര്‍ ലീഡ്' ആയിരുന്നു. സെമിനാറിന്റെ വിജയകരമായ ഏകോപനത്തിന് ഐഒസി കേരള ചാപ്റ്റര്‍  ജോയിന്റ് ട്രഷറര്‍ മണികണ്ഠന്‍ ഐക്കാട്, നിര്‍വാഹക സമിതി അംഗം ഷോബിന്‍ സാം, മിഥുന്‍, സൈമണ്‍ ചെറിയാന്‍, ജിബ്‌സണ്‍ ജോര്‍ജ്ജ് , അരുണ്‍   ഫിലിപ്പോസ്, ഐബി കെ ജോസഫ്, ജോബിന്‍ സെബാസ്റ്റ്യന്‍, ജിബീഷ് തങ്കച്ചന്‍, ബിബിന്‍ കാലായില്‍, ബിബിന്‍ രാജ്, പീറ്റര്‍ പൈനാടത്ത്, ജഗന്‍ പടച്ചിറ, ജോര്‍ജ്ജ് ജോണ്‍ തുടങ്ങിയവര്‍  കോര്‍ഡിനേറ്റ് ചെയ്തു.

 പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങളുടെ കണ്‍സള്‍ട്ടേഷനിലും, ഇതര ആശങ്കകളിലും ഐഒസി യു കെ കേരള ചാപ്റ്റര്‍ ഒപ്പം ഉണ്ടാവുമെന്നും, പരമാവധി  ആളുകളിലൂടെ നിങ്ങളുടെ ശബ്ദം  പ്രതിഷേധമായി എത്തിക്കുമെന്നും, സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുവാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കള്‍ അറിയിച്ചു.

 

 

*Appachan Kannanchira*

 




കൂടുതല്‍വാര്‍ത്തകള്‍.