ആഗസ്റ്റ് 30 ശനിയാഴ്ച റോഥര്‍ഹാം മാന്‍വേഴ്സ് തടാകത്തില്‍ വെച്ച് നടക്കുന്ന യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളിയുടെ വനിതാ വിഭാഗത്തില്‍ ഇതാദ്യമായി 12 വനിതാ ടീമുകള്‍ പങ്കെടുക്കുന്നു. യുക്മ കേരളപൂരം വള്ളംകളി ആരംഭിച്ച 2017 മുതല്‍ വനിതാ വിഭാഗം മത്സരങ്ങള്‍ നടന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് 12 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്നത്.
യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ക്രമീകരണങ്ങളാണ് നടന്ന് വരുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. യുക്മ ട്രോഫിയ്ക്ക് വേണ്ടിയുള്ള ഏഴാമത് വള്ളംകളിയില്‍ മത്സര വിഭാഗത്തില്‍ 32 ടീമുകളാണ് പങ്കെടുക്കുന്നത്.
12 ടീമുകള്‍ പങ്കെടുക്കുന്ന വനിതാ വിഭാഗത്തിലെ ആദ്യ മൂന്ന് ടീമുകളെ പരിചയപ്പെടുത്തുകയാണിവിടെ:-
റോയല്‍ ഗേള്‍സ് ബര്‍മിംഗ്ഹാം.
---------------
അലീന സജി നയിക്കുന്ന റോയല്‍ ഗേള്‍സ് ബര്‍മിംഗ്ഹാം നിലവിലുള്ള ചാമ്പ്യന്‍മാരാണ്. ആദ്യമായി മത്സരത്തിനിറങ്ങിയ 2024 ല്‍ തന്നെ വിജയികളായ റോയല്‍ ഗേള്‍സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇക്കുറിയും അലീന സജിയുടെ നായകത്വത്തില്‍ തന്നെ മത്സരത്തിനെത്തുന്നത്. നിലവിലെ വിജയികളാണെന്ന വസ്തുതയോടൊപ്പം ചിട്ടയായ പരിശീലനം നല്‍കുന്ന ആത്മവിശ്വാസവുമാണ് ടീമിന്റെ കരുത്ത്. ഇക്കുറിയും വിജയം മാത്രമാണ് റോയല്‍ ഗേള്‍സിന്റെ ലക്ഷ്യം.
ഗ്രിംസ്ബി തീപ്പൊരികള്‍.
------------
യുകെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ലീനുമോള്‍ ചാക്കോയാണ് ഗ്രിംസ്ബി കേരളൈറ്റ്‌സ് അസ്സോസ്സിയേഷന്റെ ഗ്രിംസ്ബി തീപ്പൊരികള്‍ ടീമിനെ നയിക്കുന്നത്. 2022 - 25 കാലയളവില്‍ യുക്മ ദേശീയ വൈസ് പ്രസിഡന്റായി മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ലീനുമോള്‍ നല്ലൊരു കലാകാരി കൂടിയാണ്. 2022, 2023 വര്‍ഷങ്ങളില്‍ വിജയികളായിരുന്ന സ്‌കന്തോര്‍പ്പ് പെണ്‍കടുവകള്‍ ടീമിന്റെ ഭാഗമായിരുന്ന ലീനുമോള്‍ ചാക്കോ ഇക്കുറിയെത്തുന്നത് ഗ്രിംസ്ബി തീപ്പൊരികള്‍ ടീമിന്റെ ക്യാപ്റ്റനായിട്ടാണ്. കഠിനമായ പരിശീലനം വിജയത്തിലേക്ക് വഴി തുറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഗ്രിംസ്ബി തീപ്പൊരികള്‍.
SMA റോയല്‍സ് സാല്‍ഫോര്‍ഡ്.
----------------
തെരേസ മാത്യുവിന്റെ ക്യാപ്റ്റന്‍സിയില്‍ മത്സരത്തിനെത്തുന്ന SMA റോയല്‍സ് സാല്‍ഫോര്‍ഡ് ഇത്തവണ മത്സരത്തിനെത്തുന്നത് വിജയം മാത്രം ലക്ഷ്യമിട്ടാണ്. 2024 ല്‍ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ SMA റോയല്‍സ് ഇത്തവണ വിജയത്തിലെത്തുവാന്‍ കഠിന പരിശീലനം തുടരുകയാണ്. സാല്‍ഫോര്‍ഡ് മലയാളി അസ്സോസ്സിയേഷനിലെ വനിതകള്‍ അണി നിരക്കുന്ന SMA റോയല്‍സിന് ഉറച്ച പിന്തുണയുമായി അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ ഒപ്പമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ മത്സര പരിചയം ഇക്കുറി ടീമിന് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം SMA റോയല്‍സ്.
ഏറെ ആവേശകരമായ വള്ളംകളിയും മലയാളത്തിന്റെ മാത്രം കലാരൂപങ്ങളായ തിരുവാതിരയും തെയ്യവും പുലികളിയും ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 30 ന് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാക്കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
യുക്മ ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.
അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186
ജയകുമാര്‍ നായര്‍ - 07403223006
ഡിക്‌സ് ജോര്‍ജജ് - 07403312250
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)