പ്രിയപ്പെട്ടവര്‍ക്ക് രോഗങ്ങള്‍ ബാധിക്കുമ്പോള്‍ രോഗം നേരിടുന്നവര്‍ക്കൊപ്പം, അവരുടെ ബന്ധുക്കളും ഏറെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ രോഗികള്‍ വേദനയിലൂടെ കടന്നുപോകുമ്പോള്‍, ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായത ഒപ്പമുള്ളവരെ കീഴടക്കും. ന്യൂ ഹാംപ്ഷയറില്‍ നടന്ന കൊലപാതക-ആത്മഹത്യാ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഇത്തരമൊരു അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഭര്‍ത്താവിന് നേരിട്ട ഗുരുതര ബ്രെയിന്‍ ക്യാന്‍സര്‍ മൂലം വിഷമിച്ച അമ്മയാണ് ഇദ്ദേഹത്തെയും, രണ്ട് മക്കളെയും വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിയുതിര്‍ത്ത് ജീവന്‍ അവസാനിപ്പിച്ചത്. 34-കാരിയായ എമിലി ലോംഗിനെ കൂടാതെ ഭര്‍ത്താവ് 48-കാരന്‍ റയാന്‍ ലോംഗ്, ഇവരുടെ എട്ടും, ആറും വയസ്സുള്ള കുട്ടികളെയുമാണ് ന്യൂ ഹാംപ്ഷയറിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
3 വയസ്സുള്ള ഇളയ കുട്ടിയെ മാത്രം അപകടത്തില്‍ പെടാതെ കണ്ടെത്തുകയും ചെയ്തു. ഭര്‍ത്താവിന് ബാധിച്ച ഗുരുതരമായ ക്യാന്‍സര്‍ ബാധ എത്രത്തോളം ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് ടിക് ടോക് വീഡിയോകളില്‍ എമിലി രേഖപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ അവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ച് തന്റെ മാനസിക ആരോഗ്യം തകരാറിലായെന്നും ഇവര്‍ സമ്മതിച്ചിരുന്നു. വിഷാദത്തിന്റെ അഗാധ തലത്തിലേക്ക് താന്‍ പോയിരുന്നതായി എമിലി വീഡിയോകളില്‍ പറഞ്ഞിരുന്നു.
ഓട്ടോപ്‌സി റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച് തൊടുത്ത ഒരൊറ്റ വെടിയുണ്ടയില്‍ നിന്നാണ് എമിലിയുടെ മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മക്കളുടെ മരണവും ഓരോ വെടിയുണ്ടയില്‍ നിന്നും വെടിയേറ്റതിനെ തുടര്‍ന്നാണ് സംഭവിച്ചത്. എന്നാല്‍ ഭര്‍ത്താവിന് നേരെ പലതവണ നിറയൊഴിച്ചിട്ടുണ്ട്.
ഭര്‍ത്താവിന് ബാധിച്ച ഗുരുതര രോഗം തന്റെ മാനസിക നില തകര്‍ത്തുവെന്ന് എമിലി രണ്ട് ദിവസം മുന്‍പുള്ള വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡുര്‍ഹാമിലെ ഓയ്‌സ്റ്റര്‍ റിവര്‍ മിഡില്‍ സ്‌കൂളില്‍ സൈക്കോളജിസ്റ്റായിരുന്നു ലോംഗ്. എമിലി റെസ്‌റ്റൊറന്റ് ശൃംഖലയില്‍ ഓപ്പറേഷന്‍സ് ഡയറക്ടായി ജോലി ചെയ്യുകയായിരുന്നു.