പ്രോപ്പര്‍ട്ടി നികുതികള്‍ പൊളിച്ചെഴുതാന്‍ നീക്കം നടത്തി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. വിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ടാണ് റീവ്‌സ് ഈ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി നീക്കം ചെയ്ത് പകരം പ്രോപ്പര്‍ട്ടി നികുതി ഏര്‍പ്പെടുത്താനാണ് ചാന്‍സലര്‍ ആഗ്രഹിക്കുന്നതെന്നാണ് മുന്നറിയിപ്പ്.
500,000 പൗണ്ടിലേറെ മൂല്യമുള്ള വീടുകള്‍ക്ക് മേല്‍ വാര്‍ഷിക ചാര്‍ജ്ജ് ചുമത്താനാണ് ഒരുക്കം നടക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഇത് ഭവനവിപണിയെ ബാധിക്കുമെന്നും, കഠിനാധ്വാനം ചെയ്ത് സ്വന്തമായി ഒരു വീട് വാങ്ങിയ ആളുകളെ ശിക്ഷിക്കുന്നതിന് തുല്യമാകുമെന്നും ആരോപണം ഉയരുന്നു.
ബജറ്റില്‍ ഈ വമ്പന്‍ മാറ്റം ഉണ്ടാകില്ലെന്ന് തറപ്പിച്ച് പറയാന്‍ ട്രഷറി മന്ത്രിമാര്‍ തയ്യാറായിട്ടില്ല.പൊതുഖജനാവില്‍ കുറവുള്ള 50 മില്ല്യണ്‍ പൗണ്ടിന്റെ കുറവ് പരിഹരിക്കാനാണ് ചാന്‍സലര്‍ ഈ പദ്ധതി പരിഗണിക്കുന്നത്. തൊഴിലാളി വര്‍ഗ്ഗത്തിന് മേല്‍ നികുതി കൂട്ടില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത ലേബര്‍ നാഷണല്‍ ഇന്‍ഷുറന്‍സ്, ഇന്‍കം ടാക്‌സ്, വാറ്റ് എന്നിവയെ മാത്രമാണ് ഈ ഗണത്തില്‍ പെടുത്തുന്നത്.
എന്നാല്‍ ഈ നിലപാട് ഇപ്പോള്‍ മയപ്പെടുത്തുന്നതായാണ് സൂചന. എന്തെല്ലാം ന്യായം പറഞ്ഞാലും ഓട്ടം ബജറ്റില്‍ വീണ്ടും നികുതി കൂട്ടാന്‍ തന്നെയാണ് ലേബര്‍ പദ്ധതിയെന്ന് ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു. തൊഴിലെടുക്കുന്നവര്‍ക്ക് മേല്‍ നികുതി കൂട്ടില്ലെന്ന് പറഞ്ഞ സ്റ്റാര്‍മറും, റീവ്‌സും 25 ബില്ല്യണ്‍ പൗണ്ടിന്റെ തൊഴില്‍ നികുതിയാണ് അവതരിപ്പിച്ചത്. ഇത് ശരാശരി കുടുംബങ്ങളുടെ 3500 പൗണ്ടാണ് കവര്‍ന്നത്. അവരുടെ വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ പരാജയപ്പെട്ടതും, സാമ്പത്തിക കെടുകാര്യസ്ഥതയും ചേര്‍ന്ന് ഇത് ആവര്‍ത്തിക്കാനാണ് നീക്കം, സ്‌ട്രൈഡ് വിമര്‍ശിച്ചു.