പണപ്പെരുപ്പം 18 മാസത്തിനിടെ ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചതോടെ ലേബര്‍ ഗവണ്‍മെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ടോറികള്‍. തൊഴിലുകള്‍ക്ക് മേല്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അടിച്ചേല്‍പ്പിച്ച നികുതിയാണ് പണപ്പെരുപ്പത്തിന് കുതിപ്പ് പകര്‍ന്നതെന്ന് ടോറികള്‍ ആരോപിച്ചു.
ലേബറിനെ താങ്ങാന്‍ ബ്രിട്ടന് സാധിക്കില്ലെന്ന് ടോറികള്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മാസം കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 3.8 ശതമാനം ഉയര്‍ന്നതായി വ്യക്തമായതോടെയാണ് ഇത്. ജൂണിലെ 3.6 ശതമാനത്തില്‍ നിന്നുമാണ് ഈ കുതിപ്പ്.
വിമാനനിരക്കുകള്‍, പെട്രോള്‍ ചെലവ്, ഭക്ഷ്യവില തുടങ്ങിയവയാണ് പണപ്പെരുപ്പത്തിന് ഊര്‍ജ്ജമേകിയത്. ജി7 സമ്പദ് വ്യവസ്ഥകളില്‍ അതിവേഗം വര്‍ദ്ധിക്കുന്ന വിലക്കയറ്റമാണ് യുകെ അഭിമുഖീകരിക്കുന്നതെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാണിച്ചു.
പണപ്പെരുപ്പം ഈ വര്‍ഷം 4 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം. 2 ശതമാനമാക്കി കുറയ്ക്കാന്‍ ലക്ഷ്യമിടുമ്പോഴാണ് പിടികിട്ടാതെ കുതിക്കുന്നത്. ഇതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതകള്‍ കുറയുകയാണ്.
2025 അവസാനിക്കുന്നതിന് മുന്‍പ് മറ്റൊരു പലിശ നിരക്ക് കുറവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മോര്‍ട്ട്‌ഗേജ് വിപണിക്കും, ഭവനവായ്പ എടുത്തവര്‍ക്കും തിരിച്ചടിയായി ഇതിനുള്ള സാധ്യത അസ്തമിക്കുകയാണ്.