സ്‌കൂളുകളില്‍ പോകുമ്പോള്‍ ബാഗും, പുസ്തകങ്ങളും, പേനയും, പെന്‍സിലുമെല്ലാമാണ് സാധാരണ വിദ്യാര്‍ത്ഥികളുടെ കൈയിലുണ്ടാകേണ്ടത്. എന്നാല്‍ ബ്രിട്ടനില്‍ സ്‌കൂളുകളില്‍ സ്ഥിതി ആശങ്കാജനകമായ വിധത്തിലാണ് മാറുന്നത്. കാരണം ഇവരുടെ കൈകളില്‍ നിന്നും പിടികൂടുന്നത് കത്തികളും, തോക്കും വരെയുള്ള ആയുധങ്ങളാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആയുധങ്ങളുമായി സ്‌കൂളിലെത്തിയതിന് സസ്‌പെന്‍ഷനിലാകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുകയാണ് ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം വീട്ടിലേക്ക് പറഞ്ഞയച്ചത് 14,770 പേരെയാണ്. 2022-ലെ കണക്കുകളില്‍ നിന്നും 12 ശതമാനമാണ് വര്‍ദ്ധന. പ്രതിദിനം 80 വിദ്യാര്‍ത്ഥികളാണ് ഈ വിഷയത്തില്‍ സസ്‌പെന്‍ഷനിലാകുന്നത്.
കറിക്കത്തി, കത്രിക, ബിബി തോക്കുകള്‍ എന്നുതുടങ്ങി ടേസര്‍ സ്റ്റണ്‍ തോക്കുകള്‍ വരെ പിടിച്ചെടുക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. നാലും, അഞ്ചും വയസ്സ് പ്രായത്തിലുള്ള റിസപ്ഷന്‍ ക്ലാസിലെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെട്ട 25 കേസുകളും ഇതില്‍ പെടുന്നുവെന്നതാണ് ഞെട്ടിക്കുന്ന അവസ്ഥ.
എയ്‌റോസോള്‍ കാനുകള്‍, ലൈറ്ററുകള്‍ എന്നിവ ഉപയോഗിച്ച് നാടന്‍ ഫ്‌ളെയിം ത്രോവറുകള്‍ നിര്‍മ്മിക്കുകയും ചെയ്തു ചില വിദ്യാര്‍ത്ഥികള്‍. ചില സ്‌കൂളുകള്‍ പഠന കേന്ദ്രങ്ങള്‍ക്ക് പകരം യുദ്ധ മേഖലകളായി മാറുന്ന കാഴ്ചയാണെന്ന് ക്യാംപെയിന്‍ ഫോര്‍ റിയല്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ ക്രിസ്റ്റണ്‍ മക്ഗവേണ്‍ പറഞ്ഞു.