യുകെയുടെ പണപ്പെരുപ്പ നിരക്ക് ജൂലൈ മാസത്തില്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതായി ഔദ്യോഗിക കണക്ക്. 2023 ഡിസംബറിന് ശേഷം ആദ്യമായി ഏറ്റവും ഉയര്‍ന്ന നിലയിലാണ് പണപ്പെരുപ്പമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് രേഖപ്പെടുത്തി.
ജൂലൈ വരെയുള്ള 12 മാസങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 3.8 ശതമാനത്തില്‍ എത്തിയെന്നാണ് ഒഎന്‍എസ് വ്യക്തമാക്കുന്നത്. ജൂണ്‍ മാസത്തില്‍ 3.6 ശതമാനത്തിലായിരുന്നു നിരക്കുകള്‍.
രാജ്യത്തെ ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും മൂല്യം അളക്കുന്നത് പണപ്പെരുപ്പമാണ്. പണപ്പെരുപ്പം ഉയരുമ്പോള്‍ വിലകളും ഉയരുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അതായത് പലചരക്കും, വീടുകളുടെ ബില്ലുകളും ഉള്‍പ്പെടെ ഇതിനൊപ്പം വര്‍ദ്ധിക്കുന്നു.
മേയ് മാസത്തില്‍ 3.4 ശതമാനത്തിലായിരുന്നു പണപ്പെരുപ്പം. സ്‌കൂള്‍ സമ്മര്‍ ഹോളിഡേ മൂലം വ്യോമനിരക്കുകള്‍ ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. ജൂലൈ മാസത്തില്‍ ഏറ്റവും ഉയര്‍ന്ന തോതിലാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിച്ചത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 17.1% നിരക്ക് വര്‍ദ്ധന ഉണ്ടായെന്നാണ് കണക്കാക്കുന്നത്.
പെട്രോള്‍, ഡീസല്‍ വിലയും ഈ മാസം വര്‍ദ്ധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ദ്ധിക്കുകയാണ്. ഈ വര്‍ഷം പണപ്പെരുപ്പം വീണ്ടും ഉയരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം. സെപ്റ്റംബറില്‍ 4 ശതമാനത്തില്‍ എത്തിയ ശേഷം നിരക്ക് താഴുമെന്നാണ് കരുതുന്നത്.