കാസര്‍കോട് ചന്തേരയില്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് പതിനാറുകാരനെ ലൈംഗിക പീഡനത്തിരയാക്കിയ കേസില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും (എഇഒ) ആര്‍പിഎഫ് ജീവനക്കാരനും ഉള്‍പ്പെടെ 9 പേരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇതില്‍ 7 പേരെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ നിലവില്‍ 16 പ്രതികളാണുള്ളത്. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ പടന്നക്കാട്ടെ വി കെ സൈനുദ്ദീന്‍ (52), ആര്‍പിഎഫ് ജീവനക്കാരന്‍ പീലിക്കോട് എരവിലെ ചിത്രരാജ് (48), വെള്ളച്ചാലിലെ സുകേഷ് (30), വടക്കേ കൊവ്വലിലെ റയീസ് (40), തൃക്കരിപ്പൂര്‍ കാരോളത്തെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്‌സല്‍ (23), പടന്നക്കാട്ടെ റംസാന്‍ (65), ചെമ്പ്രകാനത്തെ നാരായണന്‍ (60), ചീമേനിയിലെ ഷിജിത്ത് (30) എന്നിവരാണ് പിടിയിലായത്.
എഇഒ വി കെ സൈനുദ്ദീനെ സസ്‌പെന്‍ഡ് ചെയ്തതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. യൂത്ത് ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ സിറാജുദ്ദീന്‍ (46) ഉള്‍പ്പെടെ ഏഴുപേര്‍ ഒളിവിലാണ്. സിറാജുദ്ദീന്റെ രണ്ട് ഫോണുകളും സ്വിച്ച്ഡ് ഓഫാണ്. ഇയാള്‍ ഒഴികെയുള്ള ആറുപേര്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ്.
ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 14 കേസുകളില്‍ 8 എണ്ണമാണ് ചന്തേര പൊലീസ് സ്റ്റേഷനില്‍ ഉള്ളത്. മറ്റു ആറു കേസുകള്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ്. ദീര്‍ഘകാലമായി പലരും വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുന്നുണ്ടെന്നാണു വിവരം. ഇവര്‍ക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിക്കാനാണു പൊലീസ് തീരുമാനം. കൂടുതല്‍ പേര്‍ സംഭവത്തിലുള്‍പ്പെട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ത്ഥിയെ സ്വവര്‍ഗാനുരാഗികള്‍ ഉപയോഗിക്കുന്ന ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ചാണ് ഇവര്‍ 2 വര്‍ഷത്തോളം പീഡിപ്പിച്ചത്. ജില്ലയിലെ പലസ്ഥലങ്ങളിലെത്തി ഇവര്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ ഒരാളെ സംശയാസ്പദമായി കണ്ട വിദ്യാര്‍ത്ഥിയുടെ മാതാവ് ചന്തേര പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് വിവരം ശേഖരിച്ചതോടെയാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.