ഇറാനിലെ സുപ്രധാന ചബഹാര്‍ തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതിക്ക് നല്‍കിയിരുന്ന ഉപരോധ ഇളവുകള്‍ പിന്‍വലിച്ച് അമേരിക്ക. ഈ മാസം 29 മുതല്‍ ഉപരോധങ്ങള്‍ പ്രാബല്യത്തില്‍വരും. ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം എന്നാണ് യുഎസ് വാദമെങ്കിലും തുറമുഖ വികസനത്തില്‍ പങ്കാളിയായ ഇന്ത്യയെ അടക്കം ബാധിക്കുന്നതാണ് തീരുമാനം.
ഉപരോധത്തിലുണ്ടായിരുന്ന ഇളവുകള്‍ നീക്കം ചെയ്യുമെന്നും ഈ മാസം 29 മുതല്‍ ഉപരോധം നിലവില്‍ വരുമെന്നും യുഎസ് വിദേശകാര്യ ഡെപ്യൂട്ടി വക്താവ് തോമസ് പിഗോട്ട് പറഞ്ഞു. ചബഹാര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2018ല്‍ നല്‍കിയ ഉപരോധ ഇളവാണ് ഇതോടെ യുഎസ് പിന്‍വലിക്കുന്നത്. 2018ലെ ഇറാന്‍ ഫ്രീഡം ആന്‍ഡ് കൗണ്ടര്‍ പ്രോലിഫെറേഷന്‍ ആക്ട്(ഐഎഫ്സിഎ) പ്രകാരമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. 7,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അന്താരാഷ്ട്ര ഉത്തര ദക്ഷിണ ഗതാഗത ഇടനാഴിയിലെ പ്രധാന ഹബ്ബാണ് ചബഹാര്‍ എന്ന പ്രത്യേകതയും ഉണ്ട്.
ഇറാന്റെ തെക്കന്‍തീരത്തെ എണ്ണ സമ്പുഷ്ടമായ സിസ്റ്റാന്‍- ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ചബഹാര്‍ ആഴക്കടല്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്. പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഒരു വ്യാപാര പാത നല്‍കുന്നതിനാല്‍ ചബഹാര്‍ ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമായ പ്രാധാന്യം അര്‍ഹിക്കുന്ന തുറമുഖമാണ്. അതിനാല്‍ തന്നെ ഉപരോധ ഇളവ് റദ്ദാക്കുന്നത് രാജ്യത്തിന്റെ നിര്‍ണായക പദ്ധതികളെ ബാധിക്കും. തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തിനടക്കം സാമ്പത്തികമായി വലിയ പങ്കുവഹിക്കുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും ഇത്.
ഇറാനുമായി വ്യാപാര ഇടപാടുകളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചബഹാര്‍ തുറമുഖ വികസനത്തിന് ഇന്ത്യയ്ക്ക് ഇളവ് അനുവദിക്കുകയായിരുന്നു. ഇന്ത്യയും- ഇറാനും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുമെന്ന് കരുതുന്ന തുറമുഖമാണ് ചബഹാര്‍. 2003 മുതല്‍ ഇന്ത്യയും ഇറാനും തമ്മിലുള്ള ചര്‍ച്ചയിലെ പ്രധാന അജണ്ടയാണ് ചബഹാറിന്റെ വികസനം. ഇതുവഴി വ്യാപാര മുന്നേറ്റമാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.