ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നേതാക്കളാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്. ഇസ്രയേല്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ നേതാക്കളില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഒരു ഖത്തര്‍ ഉദ്യോഗസ്ഥനും ഖലീല്‍ അല്‍ ഹയ്യയുടെ മകനും കൊല്ലപ്പെട്ടെന്നും ഹമാസ് അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ഇസ്രയേലിന് താത്പര്യമില്ലാത്തതിന്റെ തെളിവാണ് ദോഹ ആക്രമണമെന്നും ഹമാസ് വിമര്‍ശിച്ചു. ഹമാസിനെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ന്യായീകരിച്ചു. എന്നാല്‍ അറബ് രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഖത്തറില്‍ ആക്രമണം നടത്തിയത് നിര്‍ഭാഗ്യകരമെന്ന് ട്രംപ് പറഞ്ഞു. ആക്രമണം നടക്കുന്നതിനു തൊട്ട് മുമ്പ് യു എസ് സൈന്യം വിവരം വൈറ്റ് ഹൗ സില്‍ അറിയിച്ചിരുന്നു.
ഇസ്രയേല്‍ ആക്രമണത്തെപ്പറ്റി ഖത്തറിനെ അറിയിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിന്‍ ലീവിറ്റ് പറഞ്ഞിരുന്നു. അതേസമയം ഖത്തറിനെ അറിയിച്ച ശേഷമാണ് ആക്രമണം നടന്നതെന്ന വാര്‍ത്ത തെറ്റെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി വ്യക്തമാക്കി. ഒരു പരമാധികാര രാഷ്ട്രവും സഖ്യകക്ഷിയുമായ ഖത്തറിനുള്ളില്‍ ഏകപക്ഷീയമായി ബോംബാക്രമണം നടത്തുന്നത് ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നില്ല. എന്നിരുന്നാലും, ഗാസയില്‍ താമസിക്കുന്നവരുടെ ദുരിതത്തില്‍ നിന്ന് ലാഭം കൊയ്ത ഹമാസിനെ ഇല്ലാതാക്കുന്നത് ഒരു മൂല്യവത്തായ ലക്ഷ്യമാണെന്നായിരുന്നു ആക്രമണത്തിന് പിന്നാലെയുള്ള യുഎസ് നിലപാട്.