ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ലക്ഷ്യം കണ്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ലക്ഷ്യംവെച്ചവരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഖത്തറിലെ ഓപ്പറേഷനിലൂടെ ഇസ്രയേല്‍ ലക്ഷ്യംവെച്ച ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പേര് വെളിപ്പെടുത്താത്ത ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആക്രമണത്തില്‍ ഒന്നോ രണ്ടോ പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്രയേലെന്നും എന്നാല്‍ അത് പോലും സംശയാസ്പദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ വേണ്ടത്ര സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവോ എന്നും ഉപയോഗിച്ചവ കൃത്യമായി പ്രവര്‍ത്തിച്ചോ എന്നും ഇസ്രയേല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായി ഹമാസ് നേതാക്കള്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറിയോ എന്നതും ഇസ്രയേല്‍ പരിശോധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചൊവ്വാഴ്ച്ചയായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഖത്തര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഭീരുത്വ പൂര്‍ണമായ സമീപനമാണ് ഇസ്രയേല്‍ നടത്തിയതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേല്‍ നടത്തിയതെന്നും ഖത്തര്‍ പറഞ്ഞിരുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന രാജ്യമാണ് ഖത്തര്‍.