CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 38 Seconds Ago
Breaking Now

അന്ധവിശ്വാസം , തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കൊന്ന് കുഴല്‍ കിണറിലിട്ട് മൂടി യുവാവ് ; അറസ്റ്റ്

ഒന്നര മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യയെ കാണാനില്ല എന്ന് കാണിച്ച് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നാടിനെ നടുക്കി കൊലപാതകം. അന്ധവിശ്വാസത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ കൊന്ന് കുഴല്‍ കിണറിലിട്ട് മൂടി. അന്ധവിശ്വാസം തലയ്ക്കുപിടിച്ച ചിക്കമംഗളൂരു കടൂര്‍ സ്വദേശിയായ വിജയ് ആണ് ഭാര്യ ഭാരതി(28)യെ കൊലപ്പെടുത്തി മൃതദേഹം കുഴല്‍ കിണറിലിട്ട് കോണ്‍ക്രീറ്റിട്ട് മൂടിയത്. ഭാരതിയുടെ ആത്മാവ് പുറത്തുവരുമെന്നും അങ്ങനെ സംഭവിച്ചാല്‍ പിടിക്കപ്പെടുമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിനായി ഇയാള്‍ ചില പൂജകള്‍ നടത്തുകയും മൃഗബലി നടത്തുകയും ചെയ്തു. സംഭവത്തില്‍ ഇയാളുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഒന്നര മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യയെ കാണാനില്ല എന്ന് കാണിച്ച് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഇയാള്‍ ഭാര്യയെ തല്ലിക്കൊന്നതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഭാരതിയുമായി അന്ധവിശ്വാസത്തിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രതി മൊഴി നല്‍കി. അത്തരത്തിലൊരു തര്‍ക്കത്തിനൊടുവിലാണ് കൊല നടത്തിയതെന്ന് പ്രതി പറഞ്ഞു. മൃതദേഹം അടക്കം ചെയ്ത സ്ഥലവും കാണിച്ചു നല്‍കി. പൊലീസ് പരിശോധനയില്‍ വീടിന് സമീപത്തെ കൃഷി സ്ഥലത്തോട് ചേര്‍ന്നുള്ള കുഴല്‍ക്കിണറില്‍ നിന്ന് മൃതദേഹം കണ്ടെത്തി.

കടുത്ത അന്ധവിശ്വാസിയാണ് പ്രതി. കൊലയ്ക്ക് ശേഷം പിടിക്കപ്പെടുമെന്ന് ഇയാള്‍ കരുതിയിരുന്നു. ആത്മാവിനെ തളയ്ക്കാനെന്ന പേരില്‍ ഭാരതിയുടെ പേര് ചെമ്പ് തകിടിലെഴുതി ഗ്രാമീണര്‍ ആരാധിക്കുന്ന മരത്തില്‍ അടിച്ച് കയറ്റി. ഇതിലും തൃപ്തനാകാത്ത പ്രതി ഭാര്യയുടെ ചിത്രം വീടിനകത്ത് വച്ച് കണ്ണില്‍ ആണിയും തറച്ചു. പിടിക്കപ്പെടില്ലെന്ന് ഉറപ്പിക്കാന്‍ മൂന്ന് മൃഗങ്ങളെ ബലി നല്‍കുകയും ചെയ്തു. കേസില്‍ തെളിവ് നശിപ്പിക്കാനും കൊലപാതക വിവരം മറച്ചുവയ്ക്കാനും കൂട്ടുനിന്നതിനാണ് പ്രതിയുടെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.