ദീപാവലി സമ്മാനമായി തന്റെ ജീവനക്കാര്‍ക്ക് കമ്പനി ഉടമ നല്‍കിയത് പുതുപുത്തന്‍ കാറുകള്‍. ചണ്ഡീഗഢിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയാണ് 51 കാറുകള്‍ നല്‍കിയത്. പഞ്ച്കുളയിലെ മിറ്റ്‌സ് ഹെല്‍ത്ത്കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ എം കെ ഭാട്ടിയ ഇതിലൂടെ കയ്യടി നേടിയിരിക്കുകയാണ്. സ്‌കോര്‍പിയോ ഉള്‍പ്പെടെയുള്ള എസ്യുവികളാണ് ജീവനക്കാര്‍ക്ക് ഇദ്ദേഹം സമ്മാനിച്ചത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കുന്നത്.
'അവരെ ഞാന്‍ ഒരിക്കലും ജീവനക്കാരെന്ന് വിളിച്ചിട്ടില്ല, അവര്‍ എന്റെ ജീവിതത്തിലെ റോക്ക് സ്റ്റാര്‍ സെലിബ്രിറ്റികളാണ്. ഞങ്ങളുടെ യാത്രയിലെ ഓരോ രംഗവും ഒരു ബ്ലോക്ക്ബസ്റ്ററാക്കി മാറ്റുന്ന താരങ്ങളാണ്. ഈ ദീപാവലി വളരെ പ്രത്യേകതയുള്ളതായിരിക്കും', താക്കോല്‍ കൈമാറുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.
എന്തിനാണ് ഇത്രയും വിലയേറിയ സമ്മാനങ്ങള്‍ എല്ലാ വര്‍ഷവും നല്‍കുന്നത് എന്ന് ചോദിച്ചപ്പോള്‍, 'എന്റെ സഹപ്രവര്‍ത്തകരാണ് എന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നട്ടെല്ല്. അവരുടെ കഠിനാധ്വാനം, സത്യസന്ധത, സമര്‍പ്പണം എന്നിവയാണ് ഞങ്ങളുടെ വിജയത്തിന്റെ അടിത്തറ. അവരുടെ പരിശ്രമങ്ങളെ തിരിച്ചറിയുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്റെ ഏക ലക്ഷ്യം. അവരെ കൂടുതല്‍ പ്രചോദിപ്പിക്കുകയും ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്യും', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.