
















ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കുന്ന ബജറ്റില്‍ സാധാരണ ജനങ്ങള്‍ക്ക് ഭാരമാകുന്ന പദ്ധതികളാണ് കൂടുതലും ഉണ്ടാകുകയെന്നാണ് സൂചന. ഇതിനിടയില്‍ റെയില്‍ നിരക്കുകള്‍ മരവിപ്പിച്ച് നിര്‍ത്തി ചെറിയൊരു ആശ്വാസം നല്‍കാന്‍ റീവ്‌സ് തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്.
30 വര്‍ഷത്തിനിടെ ആദ്യമായി റെയില്‍ നിരക്കുകള്‍ മരവിപ്പിക്കുമ്പോള്‍ ജോലിക്കായി യാത്ര ചെയ്യുന്നവര്‍ക്ക് നൂറുകണക്കിന് പൗണ്ട് ലാഭം കിട്ടുമെന്നതാണ് ഗുണമാകുന്നത്. ബുധനാഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ റെയില്‍ നിരക്കുകള്‍ മരവിപ്പിക്കുന്നത് ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമായി മാറും.
ഇതോടെ യാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റുകള്‍ക്കും, പീക്ക് റിട്ടേണിനും അടുത്ത വര്‍ഷം കൂടുതല്‍ തുക ചെലവാക്കേണ്ടി വരില്ല. ഓഫ് പീക്ക് റിട്ടേണും ഇപ്പോഴത്തെ നിരക്കില്‍ തന്നെ തുടരും.
'ബജറ്റില്‍ രാജ്യത്തിന്റെ മുന്‍ഗണനകള്‍ നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാമുഖ്യം. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനും, നാഷണല്‍ കടം കുറയ്ക്കാനും, ജീവിതച്ചെലവ് താഴ്ത്താനുമാണ് ശ്രദ്ധ. അതിനാലാണ് 30 വര്‍ഷത്തിനിടെ റെയില്‍ നിരക്ക് കുറയ്ക്കുന്നത്. ഇത് കുടുംബ ബജറ്റുകളിലെ സമ്മര്‍ദം കുറയ്ക്കും, ജോലിക്കും, സ്‌കൂളിലേക്കും, സുഹൃത്തുക്കളെയും, കുടുംബത്തെയും കാണാന്‍ പോകുന്നത് അല്‍പ്പം എളുപ്പമാക്കും', ചാന്‍സലര്‍ വ്യക്തമാക്കി.
മാര്‍ച്ച് വരെ ശരാശരി 5.1 ശതമാനം റെയില്‍ നിരക്ക് വര്‍ദ്ധിച്ചിരുന്നു. മറ്റ് നികുതികള്‍ ഉയരുന്നതിന്റെ ആഘാതം ചര്‍ച്ചയാകുമ്പോള്‍ രൂക്ഷത കുറയ്ക്കാന്‍ ഈ മരവിപ്പിക്കല്‍ സഹായിക്കുമെന്നാണ് റീവ്‌സിന്റെ പ്രതീക്ഷ.